‘അത്രത്തോളം ശക്തരാണ് അവര്‍’, ലങ്കന്‍ പര്യടനത്തില്‍ ‘സി’ ടീം കളിച്ചാലും ടീം ഇന്ത്യ ജയിക്കുമെന്ന് പാക് താരം

Image 3
CricketTeam India

ശ്രീലങ്കന്‍ പര്യടനത്തിനായി സി ടീമിനെ അയച്ചാലും ഇന്ത്യ അനായാസം ജയിക്കുമെന്ന് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ഒരേസമയും മൂന്ന് ദേശീയ ടീമുകളെ ഒരേസമയം, പരമ്പരകള്‍ക്ക് അയക്കാനുള്ള പ്രതിഭകള്‍ ഇന്ത്യയിലുണ്ടെന്നും ഈ മൂന്ന് ടീമിനെയും തോല്‍പ്പിക്കുക എതിരാളികള്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും അക്മല്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതുകൊണ്ടും പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ രാഹുല്‍ ദ്രാവിഡ് നല്‍കുന്ന പ്രത്യേക ശ്രദ്ധയും ഇന്ത്യന്‍ ടീമിലെത്തിയാല്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ സഹായവുമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയും കരുത്തുറ്റക്കിയതെന്നും അക്മല്‍ പറഞ്ഞു.

ആദ്യം തന്നെ ഒരേസമയം രണ്ട് ടീമിനെ രണ്ട് വ്യത്യസ്ത പരമ്പരകള്‍ക്ക് അയക്കാന്‍ തീരുമാനിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ ക്രിക്കറ്റ് സംസ്‌കാരം എത്രമാത്രം കരുത്തുറ്റതാണെന്നതിന് തെളിവാണത്. ശരിക്കും ഇന്ത്യക്ക് ഒരേസമയം, മൂന്ന് ദേശീയ ടീമുകളെ അണിനിരത്താനുള്ള പ്രതിഭകളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയാറാവാതിരുന്നതുകൊണ്ടാണ് ഇന്ത്യക്കിത് സാധ്യമായത്.

കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷമായി രാഹുല്‍ ദ്രാവിഡ് ബിസിസിഐക്ക് കീഴില്‍ ജോലി ചെയ്യുന്നു. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനെ എവിടെയെത്തിച്ചു എന്നു നോക്കു. ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭകളെ കണ്ടെത്തി അവരെ രാജ്യാന്തര ക്രിക്കറ്റില്‍ തിളങ്ങാന്‍ പ്രാപ്തരാക്കുന്ന ജോലിയാണ് ദ്രാവിഡ് ഫലപ്രദമായി ചെയ്യുന്നത്. ഇന്ത്യന്‍ ടീമിലെത്തിയാലോ അവിടെ അവരെ സഹായിക്കാന്‍ രവി ശാസ്ത്രിയെന്ന പരിശീലകനുമുണ്ട്. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ പര്യടനത്തിനായി അവര്‍ സി ടീമിനെ അയച്ചാല്‍ പോലും അവര്‍ ജയിച്ചുവരും.

ക്യാപ്റ്റന്‍മാരെന്ന നിലയില്‍ മുമ്പ് എം എസ് ധോണിയും ഇപ്പോള്‍ വിരാട് കോലിയും ടീമിനെ നല്ല രീതിയിലാണ് നയിക്കുന്നത്. കോലി വിശ്രമം എടുക്കുമ്പോള്‍ രോഹിത് നയിക്കുന്നു. ഇന്ത്യയുടെ ക്യാപ്റ്റന്‍ സാധ്യതകള്‍ തന്നെ നോക്കു, രോഹിത്തിന് പരിക്കേറ്റാല്‍ ക്യാപ്റ്റനാവാന്‍ കെ എല്‍ രാഹുലുണ്ട്. വലിയ താരങ്ങളുടെ അഭാവം ഇന്ത്യയെ ഒരിക്കലും ബാധിക്കുന്നതേയില്ലെന്നും അക്മല്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു

ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിന് പകരം ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യ യുവനിരയെ ആണ് അയക്കുന്നത്. രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍. ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.