വരുകാലത്തെ ഇന്ത്യയുടെ ഏറ്റവും പ്രധാന താരമാണ് സഹല്‍, ഗുര്‍പ്രീത് തുറന്ന് പറയുന്നു

Image 3
FootballISL

ഇന്ത്യന്‍ യുവതാരവും മലയാളിയുമായ ഫുട്‌ബോളര്‍ സഹല്‍ അബ്ദുസമദിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു. ഭാവി ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട കളിയ്ക്കാരനാണ് സഹല്‍ എന്നാണ് യൂറോപ്പില്‍ വരെ വലകാത്തിട്ടുളള ഗുര്‍പ്രീത് സിംഗിന്റെ വിലയിരുത്തല്‍.

സ്‌പോട്‌സ് കീഡയോട് ഓണ്‍ലൈനില്‍ തത്സമയം സംസാരിക്കുമ്പോഴായിരുന്നു ഗുര്‍പ്രീത് മലയാളി താരത്തെ പ്രശംസിച്ചത്. സഹലിനെ കൂടാതെ സുരേഷ് വംഗ്ജം, ലിയോണ്‍ അഗസ്റ്റിന്‍, സുമിത് രതി, താപ്പ, ലാലില്‍സുവാലാ എന്നിവരേയും ഗുര്‍പ്രീത് പ്രത്യേകം പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു, ഐഎസ്എല്ലില്‍ മികച്ച പ്രകടനം ഇവരെല്ലാം കാഴ്ച്ചവെച്ചാതായി ഗുര്‍പ്രീത് വിലയിരുത്തുന്നു.

തന്റെ യൂറോപ്പിലെ കളി അനുഭവങ്ങളും അദ്ദേഹം വിശദീകരിച്ചു. ഏറെ പരിശ്രമത്തിന്റെ ഫലമായാണ് നോര്‍വ്വേ ലീഗില്‍ മൂന്ന് വര്‍ഷത്തോളം സ്റ്റബേക്കിന്റെ ഭാഗമാകാനായതെന്നും അത് വലിയ അനുഭവമാണ് തനിയ്ക്ക് സമ്മാനിച്ചതെന്നും ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കൂട്ടിച്ചേര്‍ത്തു. യുറോപ്പില്‍ ഇനിയും അവസരങ്ങള്‍ തുറന്ന് കിടയ്ക്കുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഇപ്പോള്‍ കൊറോണയെ പ്രതിരോധിക്കുന്നതിലാണ് മുഖ്യ ശ്രദ്ധവെക്കേണ്ടതെന്നും അതുകഴിഞ്ഞെല്ലാം മതി ഫുട്‌ബോളിനെ കുറിച്ച് ആലോചനയെന്നും അദ്ദേഹം പറയുന്നു. ഇത് രാജ്യത്തെ സംബന്ധിച്ച് ഏറെ പ്രയാസകരമായ കാലമാണെന്നും അദ്ദേഹം വിലയിരുത്തി.