ക്രൂസ് മുതൽ മുള്ളർ വരെ; ഇന്ത്യയിൽ കളിച്ച യൂറോ സൂപ്പർ താരങ്ങൾ

യൂറോ ആവേശം കേരളത്തിന്റെ കൊച്ചു ഗ്രാമങ്ങളെ പോലും കീഴടക്കുകയാണ്. പ്രീ ക്വർട്ടർ മത്സരങ്ങൾ തുടങ്ങാനിരിക്കെ എങ്ങും യൂറോ മയമാണെന്ന് പറയാം. ഇന്ത്യൻ ടീം കളിക്കാത്ത ഒരു ടൂർണമെന്റിൽ പോലും ഈ ആവേശം ഫുട്ബോളിനും, രാജ്യാന്തര താരങ്ങൾക്കുമുള്ള സ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്.

എന്നാൽ ഇപ്പോൾ യൂറോയിൽ കളിക്കുന്ന പല സൂപ്പർ താരങ്ങളും പലപ്പോഴായി ഇന്ത്യൻ മണ്ണിൽ ബൂട്ട് കെട്ടിയിട്ടുണ്ടെന്ന് അറിയാമോ? ജർമൻ സൂപ്പർ താരങ്ങളായ ഇമ്മാനുവൽ ന്യൂയറും, തോമസ് മുള്ളറും അടക്കമുള്ള സൂപ്പർ താരങ്ങൾ ഇന്ത്യയിൽ വന്നു കളിച്ചിട്ടുണ്ട്.

ഇന്ത്യൻ മണ്ണിൽ പന്തുതട്ടിയ ആ ഒൻപത് യൂറോ താരങ്ങൾ ആരൊക്കെയാണെന്ന് അറിയാം

1. ഇമ്മാനുവൽ ന്യൂവർ (ജർമനി)

2012ൽ ഇന്ത്യൻ നാഷണൽ ടീമും ബയേൺ മ്യൂണിക്കുമായി നടന്ന പ്രദർശന മത്സരത്തിൽ കളിക്കാനായി ന്യൂവർ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യൻ ഇതിഹാസം ബൈചൂങ് ബൂട്ടിയക്ക് യാത്രയയപ്പ് നൽകാനായി നടത്തിയ മത്സരത്തിൽ ജർമൻ വമ്പന്മാർ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തി.

2. ടോണി ക്രൂസ് (ജർമനി)

2012ൽ ബയേൺ താരമായി ക്രൂസും ഇന്ത്യയിലെത്തി. മത്സരത്തിൽ ബയേൺ നേടിയ നാല് ഗോളുകളിൽ ഒന്നിന് വഴിയൊരുക്കിയത് ക്രൂസ് ആണ്.

3. തോമസ് മുള്ളർ (ജർമനി)

2012ലെ ബയേൺ സന്ദർശനത്തിന് മുൻപ് മറ്റൊരു ബയേൺ ടീമിന്റെ ഭാഗമായി മുള്ളർ ഇന്ത്യയിൽ എത്തിയിരുന്നു. 2009ൽ ബയേണിന്റെ റിസേർവ് ടീമിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ മുള്ളറും കൂട്ടരും അന്ന് ഈസ്റ്റ് ബംഗാളിനെ രണ്ടുതവണ തോൽപ്പിച്ചു.

4. ഡേവിഡ് അലാബ (ഓസ്ട്രിയ)

ബയേണിന്റെ 2012ലെ ടൂറിൽ അംഗമായി ഇന്ത്യയിൽത്തിയ അലാബ ഇന്ത്യക്കെതിരായ മത്സരത്തിൽ ബൂട്ട് കെട്ടിയിരുന്നു.

യൂറോയിൽ ഓസ്ട്രിയയെ പ്രീ ക്വർട്ടറിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച അലാബ അടുത്ത സീസണിൽ റയലിനായാണ് കളിക്കുക.

5. ജേഡൻ സാഞ്ചോ (ഇംഗ്ലണ്ട്)

ഇന്ത്യയിൽ നടന്ന 2017 അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിനായി ബൂട്ട് കെട്ടിയ താരമാണ് സാഞ്ചോ. ടൂർണമെന്റിൽ മൂന്ന് ഗോളുകൾ നേടിയ താരം പാതിവഴിക്ക് വച്ച് ടൂർണമെന്റ് ഉപേക്ഷിച്ച് ബൊറൂസിയ ഡോർട്ട്മുണ്ടിൽ ചേർന്നു.

6. ഫിൽ ഫോഡൻ (ഇംഗ്ലണ്ട്)

2017 അണ്ടർ 17 ലോകകപ്പിന്റെ താരമായിരുന്നു ഫോഡൻ. ടൂർണമെന്റിൽ ഗോൾഡൻ ബോൾ നേടിയ താരം ഫൈനലിൽ ഉൾപ്പടെ മൂന്ന് ഗോളുകൾ നേടിയാണ് ഇന്ത്യ വിട്ടത്. നിലവിൽ ഇംഗ്ലണ്ട് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങറായ ഫോഡൻ.

7. ഒസാൻ കബാക് (തുർക്കി)

2017 അണ്ടർ 17 ലോകകപ്പിൽ തുർക്കി ടീമിന്റെ ഭാഗമായി ഇന്ത്യയിലെത്തി. കഴിഞ്ഞ സീസണിൽ ലോണിൽ ലിവർപൂളിൽ കളിച്ച ഷാൽക്കെ പ്രതിരോധ താരം തുർക്കിക്കായി യൂറോയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്ന് പോലും ജയിക്കാതെ തുർക്കി ടൂർണമെന്റിൽ നിന്നും പുറത്തായി.

8. ജനിക് വെസ്റ്റ്ഗാർഡ്‌ (ഡെന്മാർക്ക്)

2014ൽ ജർമൻ ക്ലബായ ഹോഫെൻഹാം ഇന്ത്യ സന്ദർശിച്ചപ്പോൾ ടീമിൽ അംഗമായിരുന്നു വെസ്റ്റ്ഗാർഡ്‌. മിസോറാം ഇലവനുമായി കളിച്ച ജർമൻ ബുണ്ടസ്‌ലീഗ ടീം മത്സരത്തിൽ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് ജയിച്ചു.

9. നിക്കോളാസ് സൂലെ (ജർമനി)

2014ലെ ഹോഫെൻഹാം സന്ദർശനത്തിൽ ജർമൻ ടീമിന്റെ ഭാഗമായിരുന്നു സൂലെയും. 2020 യൂറോയിൽ പോർചുഗലിനെതിരായ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു.

You Might Also Like