എറിക്‌സൺ പൂർണ്ണ ആരോഗ്യവാൻ; പക്ഷെ, ആശങ്കപ്പെടുത്തുന്ന വാർത്തകൾ ബാക്കി

Image 3
Euro 2020

ഡാനിഷ് സൂപ്പർതാരം ക്രിസ്ത്യൻ എറിക്‌സൺ ഇനി ഒരിക്കലും പ്രൊഫഷണൽ ഫുട്ബോളിൽ ബൂട്ട് കെട്ടിയേക്കില്ല എന്ന് ആരോഗ്യ വിദഗ്ദർ. ഫിൻലൻഡിനെതിരായ മത്സരത്തിൽ കളിക്കളത്തിൽ കുഴഞ്ഞുവീണ എറിക്‌സൺ ആശങ്കകൾ നിറഞ്ഞ മണിക്കൂറുകൾ അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.

ആശുപത്രിയിൽ എറിക്‌സൺ അപകടനില തരണം ചെയ്തു എന്ന വാർത്ത ലോകമെമ്പാടും പ്രാർത്ഥനയുമായി നിന്ന ആരാധകർക്ക് തെല്ലൊന്നുമല്ല ആശ്വാസം നൽകിയത്. ഈ ആശ്വാസം നിലനിൽക്കുമ്പോഴും എറിക്സന്റെ ഫുട്ബോൾ ഭാവിയെക്കുറിച്ചു അത്രനല്ല വാർത്തയല്ല പുറത്തുവരുന്നത്.

എറിക്സണ് സംഭവിച്ചത് ഒരു ഹൃദയാഘാതമായിരിക്കാനാണ് സാധ്യതയെന്നും, അങ്ങനെയെങ്കിൽ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ സാധ്യത കുറവാണെന്നും പറയുന്നു ലണ്ടനിലെ സെന്റ് ജോർജ് സർവകലാശാലയിലെ മുതിർന്ന കാർഡിയോളജിസ്റ് സഞ്ജയ് ശർമ്മ. എറിക്‌സൺ പ്രീമിയർലീഗിൽ ടോട്ടനാമിന്റെ താരമായിരുന്ന സമയത്ത് താരത്തിന്റെ ഡോക്ടറായിരുന്നു ശർമ്മ.

വളരെ വലിയ ഒരപകടത്തിൽ നിന്നുമാണ് എറിക്‌സൺ രക്ഷപ്പെട്ടത്. അതിനാൽ തന്നെ അദ്ദേഹത്തെ ഇനി ഫുട്ബോൾ കളിക്കാൻ ഡോക്ടർമാർ അനുവദിക്കണമെന്നില്ല. കൂടാതെ, യൂറോപ്പിൽ ലീഗുകളെല്ലാം തന്നെ ഇത്തരം കാര്യത്തിൽ വളരെ കാർക്കശ്യമുള്ള നിലപാടുകളാണ് നേരത്തെ എടുത്തിട്ടുള്ളത്. ശർമ്മ പറയുന്നു.

2012ൽ ടോട്ടൻഹാമുമായുള്ള മത്സരത്തിനിടെ ബോൾട്ടൻ താരം ഫാബ്രിക് മുവാമ്പ സമാനമായ രീതിയിൽ കളിക്കളത്തിൽ കുഴഞ്ഞുവീണിരുന്നു. പിന്നീട് അദ്ദേഹം ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ആറുമാസത്തിന് ശേഷം സജീവ ഫുട്ബോളിൽ നിന്നും വിരമിച്ചു.

ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ അത് കേവലം കളിക്കാരെ മാത്രമല്ല ബാധിക്കുക. മുഴുവൻ ലോകത്തെയും അസ്വസ്ഥതപ്പെടുത്തുന്ന രംഗങ്ങളാണ് കളിക്കളത്തിൽ ഇന്നലെ സംഭവിച്ചത് അതിനാൽതന്നെ ഏതുവിധേനയും ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കും. ശർമ്മ കൂട്ടിച്ചേർത്തു.