ടോയ്‌ലെറ്റിനു മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നൽകി എറിക് ഡയർ, രസകരമായ സംഭവത്തിനാധാരമായ കാരണമിതാണ്

Image 3
FeaturedFootballVideos

ചെൽസിയും ടോട്ടനവും തമ്മിലുള്ള കറബാവോ കപ്പ് മത്സരത്തിനിടെയുണ്ടായ ഒരു രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മത്സരത്തിനിടയിൽ ബാത്‌റൂമിൽ പോവാനുള്ള മുട്ടു വന്ന ടോട്ടനം പ്രതിരോധ താരം എറിക് കളി നിർത്തി  മൈതാനം വിടുകയായിരുന്നു. മത്സരത്തിൽ ചെൽസി ഒരു ഗോളിനു മുന്നിൽ നിൽക്കുമ്പോഴാണ് ഈ സംഭവം.

ഡയർ പോയതോടെ പത്തു പേരായി ചുരുങ്ങിയ  ടോട്ടനത്തിനു പ്രതിരോധത്തിലൂന്നി കളിക്കേണ്ടി വന്നു. ഈ സമയത്ത് മികച്ച മുന്നേറ്റങ്ങളുമായി ചെൽസി  ടോട്ടനം ഗോൾപോസ്റ്റിലേക്ക്  ഗോളവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെ മൗറീന്യോക്ക് ആവലാതി തുടങ്ങി. ഡയറിനു പിന്നാലെ ഡ്രസിംഗ് റൂമിലേക്കു പോയ മൗറീന്യോ താരത്തെ വിളിച്ച് മൈതാനത്തേക്കു തിരിച്ചെത്തിക്കുകയായിരുന്നു.

മത്സരത്തിനു ശേഷം മാൻ ഓഫ് ദ മാച്ചായി പ്രഖ്യാപിച്ചത് ഡയറിനെ തന്നെയാണ്. എന്നാൽ ഈ വ്യത്യസ്തമായ സംഭവത്തെ രസകരമായിതന്നെ ഡയർ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുകയും ചെയ്തു. ടോയ്ലറ്റിന്റെ ഒപ്പം വെച്ച മാൻ ഓഫ് ദ മാച്ച് ട്രോഫിയുടെ ചിത്രമിടുകയായിരുന്നു ഡയർ. ഇതാണ് ഇന്നത്തെ മാൻ ഓഫ് ദ മാച്ചാണെന്നാണ് ഡയർ അതിനു തലക്കെട്ടു നൽകിയത്.

മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ടോട്ടനത്തിനു വിജയം നേടാനായത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ വീതം ഗോൾ നേടി സമനിലയിലാവുകയായിരുന്നു. അവസാനം ഷൂട്ടൗട്ടിൽ ചെൽസിയുടെ യുവതാരം മേസൻ മൗണ്ട് പെനാൽട്ടി നഷ്ടപ്പെടുത്തിയതോടെ ജയം മൗറീഞ്ഞോയുടെ ടോട്ടനത്തിനു സ്വന്തമാവുകയായിരുന്നു.