ചെൽസിയിലേക്കു ചേക്കേറണമെന്ന് സൂപ്പർതാരം, വമ്പൻ ട്രാൻസ്ഫറിനു കളമൊരുങ്ങുന്നു

Image 3
EPLFeaturedFootball

അടുത്ത സീസണു മുന്നോടിയായി ചെൽസി മറ്റൊരു വമ്പൻ ട്രാൻസ്ഫറിനു കൂടി ഒരുങ്ങുന്നു. ഇത്തവണ ലൈസ്റ്റർ സിറ്റി ലെഫ്റ്റ് ബാക്കായ ബെൻ ചിൽവെല്ലിനെയാണ് ബ്ലൂസ് സ്വന്തം കൂടാരത്തിലെത്തിക്കാൻ ശ്രമിക്കുന്നത്. ലൈസ്റ്റർ വിട്ട് ചെൽസിയിലേക്കു ചേക്കേറാനുള്ള താൽപര്യം ഇംഗ്ലണ്ട് താരം ക്ലബിനെ അറിയിച്ചുവെന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി മിറർ റിപ്പോർട്ടു ചെയ്യുന്നത്.

പന്ത്രണ്ടാം വയസു മുതൽ ലൈസ്റ്ററിൽ കളിക്കുന്ന ബെൻ ചിൽവെല്ലിന് 2024 വരെ ക്ലബുമായി കരാറുണ്ട്. എന്നാൽ ക്ലബ് വിടാൻ ഇരുപത്തിമൂന്നുകാരനായ താരം തീരുമാനിച്ചാൽ അതു തടുക്കാൻ ലൈസ്റ്ററിനു കഴിയില്ല. എങ്കിലും താരത്തിനു വേണ്ടി നല്ലൊരു തുക ചെൽസി മുടക്കേണ്ടി വരുമെന്നതുറപ്പാണ്. ചാമ്പ്യൻസ് ലീഗ് വിലക്കു മാറിയെത്തുന്ന മാഞ്ചസ്റ്റർ സിറ്റിയും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.

ചിൽവെല്ലിനെ വിട്ടു കൊടുക്കാൻ തങ്ങൾക്കു യാതൊരു താൽപര്യവുമില്ലെന്ന് ലൈസ്റ്റർ പരിശീലകൻ റോജേഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ലൈസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടാൻ പരാജയപ്പെട്ടതാണ് അവർക്കു തിരിച്ചടിയായത്. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടു തോറ്റ ലൈസ്റ്റർ അഞ്ചാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്.

അതേസമയം ചിൽവെല്ലിനെ കൂടി സ്വന്തമാക്കിയാൽ ചെൽസി കനത്ത മുന്നറിയിപ്പാണ് എതിരാളികൾക്കു നൽകുന്നത്. അടുത്ത സീസണു മുന്നോടിയായി സിയച്ച്, വെർണർ എന്നിവരെ സ്വന്തമാക്കിയ ചെൽസിയുടെ അടുത്ത ലക്ഷ്യം കൈ ഹവേർട്സാണ്. അതിനു പുറമേ ബെൻ ചിൽവെല്ലടക്കം രണ്ടു പ്രതിരോധ താരങ്ങളെയും ഒരു ഗോൾകീപ്പറെയും ചെൽസി ലക്ഷ്യമിടുന്നുണ്ട്.