കണ്ണുതള്ളുന്ന കോടികള്‍, ഒടുവില്‍ സാഞ്ചോയെ സ്വന്തമാക്കി ചുവന്ന ചെകുത്താന്മാര്‍

Image 3
EPLFootball

എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഒടുവില്‍ ബെറൂസിയ ഡോട്ട്മുണ്ട് സൂപ്പര്‍ താരം ജാഡോന്‍ സാഞ്ചോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയതായി വാര്‍ത്തകള്‍. ഉദ്ദേശം 850 കോടിയിലേറെ തുക മുടക്കിയാണ് സാഞ്ചോയെ ഓള്‍ഡ് ട്രാഫോഡില്‍ എത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ദിനപത്രമായ സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാഗ്ദാനം ചെയ്ത വര്‍ഷത്തില്‍ 10 മില്യണ്‍ വേതനം എന്ന കരാര്‍ താരം വാക്കാല്‍ അംഗീകരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ഇതിഹാസ ജേഴ്‌സി ആയ ഏഴാം നമ്പര്‍ ജേഴ്‌സിയും സാഞ്ചോയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

സഞ്ചോയ്ക്ക് കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിന്റെ പദ്ധതികള്‍ ബോധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ് കൗമാര താരമായ സാഞ്ചോ 17ാം വയസ്സിലാണ് ആദ്യമായി ഇംഗ്ലണ്ട് വിട്ടത്. അന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരമായിരുന്നു സാഞ്ചോ. കോച്ച് പെപ്പ് ഗാര്‍ഡിയോളയുടെ പരിശീലന രീതിയില്‍ മനംമടുത്തായിരുന്നു ജര്‍മ്മനിയിലേക്ക് കുടിയേറിയത്.

എന്നാല്‍ മൂന്ന് വര്‍ഷത്തിനിപ്പുറം സാഞ്ചോ യുണൈറ്റഡിലൂടെ ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുന്നത് കരുത്തനായ ഫുട്‌ബോളറായാണ്. സാഞ്ചോയെ സ്വന്തമാക്കാന്‍ ചെല്‍സി ഉയര്‍ത്തിയ വലിയ വെല്ലുവിളി അതിജീവിച്ചാണ് യുണൈറ്റഡിന്ഞറെ ഈ നേട്ടം.