പ്രീമിയർ ട്രാൻസ്ഫർ ജാലകം തുറക്കുന്നത് തീരുമാനിച്ചു, ചാമ്പ്യൻസ് ലീഗിനെ ബാധിച്ചേക്കും

Image 3
EPLFeaturedFootball

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ട്രാൻസ്ഫർ ജാലകം തുറക്കുന്നതിൽ പ്രീമിയർ ലീഗും ഇംഗ്ലീഷ് ഫുട്ബോൾ ലീഗും ചേർന്ന് തീരുമാനമെടുത്തു. ഈ മാസം ഇരുപത്തിയേഴിന് ആരംഭിക്കുന്ന ട്രാൻസ്ഫർ ജാലകം ഒക്ടോബർ പതിനേഴു വരെ തുടരാനാണ് തീരുമാനമായിരിക്കുന്നത്.

അതേ സമയം മറ്റു ലീഗുകളിൽ നിന്നുള്ള ട്രാൻസ്ഫറുകൾ നടത്താൻ ഒക്ടോബർ അഞ്ചു വരെ മാത്രമേ കഴിയുകയുള്ളൂ. ആഭ്യന്തര ട്രാൻസ്ഫറുകൾ മാത്രമാണ് ഒക്ടോബർ 16 വരെ നടത്താനാവുക. യൂറോപ്യൻ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകൾ അതിനു മുൻപ് രജിസ്റ്റർ ചെയ്യണമെന്നതിനെ തുടർന്ന് യുവേഫ വച്ച നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.

ട്രാൻസ്ഫർ കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന താരങ്ങൾക്ക് ഉടൻ തന്നെ ക്ലബിനൊപ്പം കളിക്കാനിറങ്ങാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങൾക്ക് പുതിയ ക്ലബിനൊപ്പം കളിക്കാനിറങ്ങാൻ അടുത്ത സീസൺ ആരംഭിക്കുന്നതു വരെ കാത്തിരുന്നേ മതിയാകൂ.

ട്രാൻസ്ഫർ ജാലകം നടക്കുന്ന ഓഗസ്റ്റിൽ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് തുടങ്ങിയ മത്സരങ്ങൾ നടക്കുന്നുണ്ട്. അതിനെ ബാധിക്കാതിരിക്കാനാണ് ഈ തീരുമാനം. എന്നാൽ ട്രാൻസ്ഫർ ജാലകം നേരത്തെ തുറക്കുന്നത് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ കളിക്കുന്ന താരങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കുമെന്ന വിമർശനം ഉയരുന്നുണ്ട്.