കേരള ക്ലബിനെ ഏറ്റെടുത്ത് പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍, വലിയ വാര്‍ത്ത

കേരളത്തില്‍ നിന്നും ഒരു ക്ലബിനെ ഏറ്റെടുത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ ക്ലബായ ഷെഫീല്‍ഡ് യുണൈറ്റഡ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്‌സ് എഫ്സിയെയാണ് ഷെഫീല്‍ഡ് യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. മാതൃഭൂമി ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇനി കേരള യുണൈറ്റഡ് എന്ന പേരില്‍ ആയിരിക്കും ക്ലബ് അറിയപ്പെടുക. കേരള ക്ലബിനെ ഏറ്റെടുത്ത കാര്യം ഷെഫീല്‍ഡ് ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. കമ്പനി രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകു. ഇന്ത്യന്‍ ഫുട്ബാളില്‍ വേരുറപ്പിക്കുകയും ആരാധകപിന്തുണ വര്‍ദ്ധിപ്പിക്കുകയുമാണ് ഷെഫീല്‍ഡ് യുണൈറ്റഡിന്റെ ലക്ഷ്യം.

മലപ്പുറം ആസ്ഥാനമാക്കിയായിരിക്കും ഇനി ക്ലബ് കളിയ്ക്കുക. ആദ്യ സീസണില്‍ കേരള പ്രീമിയര്‍ ലീഗും ഐ ലീഗ് സെക്കന്റ് ഡിവിഷനുമാണ് കേരള യൂണൈറ്റഡിന്റെ ലക്ഷ്യം. മികച്ച ആരാധക പിന്തുണ ലഭിച്ചാല്‍ പദ്ധതികള്‍ ക്ലബ്ബ് വിപുലീകരിക്കും. ആദ്യ ഘട്ടത്തില്‍ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുളള നീക്കമാകും കേരള ക്ലബ് നടക്കുക.

കേരള ക്ലബിനെ കൂടാതെ ഷെഫീല്‍ഡ് യുണൈറ്റഡിന് കീഴില്‍ സൗദിയില്‍ അല്‍ ഹിലാല്‍ ക്ലബും ദുബായില്‍ ഹിലാല്‍ യുണൈറ്റഡും ബെല്‍ജിയത്തില്‍ ബിയര്‍ ഷോട്ട് ക്ലബും സ്വന്തമായുണ്ട്. ഷെഫീല്‍ഡ് ഡയറക്ടര്‍ യാന്‍ വാന്‍ വിങ്കല്‍, ക്ലബ് പ്രതിനിധികളും മലയാളികളും ആയ ഷബീര്‍ മണ്ണാരില്‍, സൈനുദ്ധീന്‍ കക്കാട്ടില്‍, സക്കറിയ വയനാട് എന്നിവരാണ് ഏറ്റെടുക്കലിനു നേതൃത്വം നല്‍കുന്നത്. ആഗോള താളത്തില്‍ ഫുട്ബാളില്‍ കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ടാണ് ഷെഫീല്‍ഡ് യുണൈറ്റഡ് ഇന്ത്യയിലേക്ക് എത്തുന്നത്.

ഇംഗ്ലീഷ് ഫുട്‌ബോളിലെ വലിയ ക്ലബുകളിലൊന്നായ ഷെഫീല്‍ഡ് യുണൈറ്റഡ് കേരള ക്ലബ് ഏറ്റെടുക്കുന്നത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി ഹരിദാസ് പറഞ്ഞു.

You Might Also Like