വിമാനത്തിനുളളില്‍ നിറഞ്ഞത് രോഹിത്തിന്റെ കുസൃതികള്‍, കോഹ്ലിയ്ക്കായി ആര്‍പ്പുവിളിച്ച് ഡല്‍ഹി

Image 3
CricketFeaturedTeam India

മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം, ഹരികേ നാശംവിതച്ച ബാര്‍ബഡോസില്‍ നിന്ന് ഒടുവില്‍ നാട്ടിലേക്ക് വിമാനം കയറാന്‍ ലോക ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കഴിഞ്ഞു. ബുധനാഴ്ച രാത്രി ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനത്തില്‍ ആണ് ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിച്ചത്. 16 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം ടീം വ്യാഴാഴ്ച രാവിലെ 6:00 മണിക്കാണ് ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് ടീം ബസില്‍ കയറിയ താരങ്ങള്‍ ഡല്‍ഹിയിലെ ഐടിസി മൗണ്ട് ഹോട്ടലിലേക്ക് പോയി. ഇതിനിടെ ബാര്‍ബഡോസില്‍ നിന്ന് ഡല്‍ഹിയിലേക്കുളള വിമാനയാത്രക്കിടെ ഇന്ത്യന്‍ ടീം ആഘോഷിക്കുന്നതിന്റെ വിഡിയോ ബിസിസിഐ പങ്കിട്ടു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിമാനത്തിലും മറ്റൊരു മൂഡിലായിരുന്നു. ഒരോ നിമിഷവും ആസ്വദിച്ച ഇന്ത്യന്‍ നായകന്‍ ലോകകപ്പ് പലപ്പോഴും ചേര്‍ത്ത് പിടിച്ചു. വിമാനത്തിലെ രോഹിത്തിന്റെ കുസൃതികള്‍ ഒന്ന് കാണേണ്ടത് തന്നെയാണ്. ആ വീഡിയോ കാണാം

കഴിഞ്ഞ ആഴ്ച ബ്രിഡ്ജ്ടൗണില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയയാണ് ടീം ഇന്ത്യ ലോകകിരീടം നേടിയത്. ലോക ജേതാകകളായി എത്തിയ ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകര്‍ പതാകകളും അഭിനന്ദന പ്ലേകാര്‍ഡുകളും അണിനിരന്നു. പ്രതികൂല കാലവസ്ഥ വകവക്കാതെയായിരുന്നു ആരാധകരുടെ ഒഴുക്ക്. വിരാട് കോഹ്ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ച് ആരാധകര്‍ ആവേശത്തോടെ ആര്‍പ്പുവിളിച്ചു. ലോക്കല്‍ ബോയ് ആയ വിരാട് കോഹ്ലിയ്ക്കായി ആരാധകര്‍ പലപ്പോഴും കരഘോശം മുഴക്കി.

‘ഈ നിമിഷത്തിനായി ഞങ്ങള്‍ 13 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. ലോകകപ്പ് നേടിയ ടീം ഞങ്ങളുടെ അഭിമാനം ഉയര്‍ത്തിയിരിക്കുന്നു’ രാവിലെ 4:30 മുതല്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നതായി അവകാശപ്പെട്ട ആരാധകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2011 ല്‍ നേടിയ ഇന്ത്യയുടെ അവസാന ലോകകപ്പ് ജയത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്.

‘എയര്‍ ഇന്ത്യ ചാമ്പ്യന്‍സ് 24 ലോകകപ്പ്’ (Air India Champions 24 World Cup) എന്ന പ്രത്യേക ചാര്‍ട്ടര്‍ വിമാനം ബുധനാഴ്ച രാവിലെ 4:50 ഓടെ ബാര്‍ബഡോസില്‍ നിന്ന് പുറപ്പെട്ട് 16 മണിക്കൂര്‍ നീണ്ട നോണ്‍-സ്റ്റോപ്പ് യാത്രയ്ക്ക് ശേഷമാണ് വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് ഡല്‍ഹിയിലെത്തിയത്. ഇന്ത്യന്‍ ടീമംഗങ്ങള്‍കക്ക് പുറമെ കളിക്കാരുടെ കുടുംബങ്ങള്‍, ചില ബിസിസിഐ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ വിമാനത്തിലുണ്ടായിരുന്നു.

കളിക്കാരെ ആദരിക്കുന്നതിനായി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ആരാധകരുടെ ആവേശം കെടുത്താന്‍ ആര്‍ക്കുമായില്ല.