കല്യാണത്തിന് വിട്ടില്ല, ലാംപാർഡിനോട് ഉടക്കി ക്ലബ്ബ് വിടാനൊരുങ്ങി എൻഗോളോ കാന്റെ

Image 3
EPLFeaturedFootball

ചെൽസിയുടെ മധ്യനിരയിലെ നെടുംതൂണാണ് ലോകകപ്പ് ജേതാവായ ഫ്രഞ്ച് താരം എൻഗോളൊ കാന്റെ. ട്രെയിനിങ്ങുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ പരിശീലകൻ ലാംപാർഡുമായി ഉടക്കിയിരിക്കുകയാണ് കാന്റെ. അതുകൊണ്ടു തന്നെ ഈ സീസണിൽ തന്നെ ക്ലബ്ബ് വിടാനാണ് താരത്തിന്റെ ശ്രമമെന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയൻ റിപ്പോർട്ട്‌ ചെയ്യുന്നത്.

ഈ സീസണിൽ തന്നെ ജനുവരിയിൽ ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് കാന്റെ. ഇന്റർനാഷണൽ ബ്രേക്കിനു മുൻപ് ഒരു സുഹൃത്തിന്റെ കല്യാണത്തിനായി ട്രെയിനിങ് ഒഴിവാക്കാനുള്ള അനുമതി ലാംപാർഡ് നിഷേധിച്ചതാണ് കാന്റെയെ രോഷാകുലനാക്കിയത്. റയൽ മാഡ്രിഡിലേക്കാണ് കൂടുമാറാനാണ് താരത്തിന്റെ ലക്ഷ്യമെന്നാണ് ലെ പാരിസിയൻ തന്നെ റിപ്പോർട്ട്‌ ചെയ്യുന്നത്.

കാന്റെയുടെ പ്രതിനിധികൾ അടുത്ത പന്ത്രണ്ടു മാസത്തിനുള്ളിൽ തന്നെ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങളാരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ചെൽസിയുമായി മൂന്നു വർഷത്തേക്ക് കൂടി കാന്റെക്ക് കരാറുണ്ടെങ്കിലും ഈ ജനുവരിയിൽ തന്നെ ക്ലബ്ബ് വിടാനുള്ള സാധ്യതയാണ് ഉയർന്നു വന്നിരിക്കുന്നത്. റയൽ മാഡ്രിഡ്‌ ഇതുവരെ താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഇറ്റാലിയൻ വമ്പന്മാരായ കോണ്ടേയുടെ ഇന്റർമിലാന്റെ ലക്ഷ്യമായിരുന്നു കാന്റെ.

എന്നാൽ ക്ലബ്ബ് വിടാൻ വിസമ്മതിച്ച്‌ ചെൽസിയിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ സീസണിന്റെ തുടക്കത്തിൽ തന്നെ പരിശീലകനുമായുള്ള ഉടക്ക് താരത്തെ ക്ലബ്ബ് വിടാൻ നിർബന്ധിതനാക്കിയിരിക്കുകയാണ്. നിലവിൽ നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് കാന്റെ. 2016 ലാണ് ലൈസസ്‌റ്ററിൽ നിന്നും ചെൽസി കാന്റെയെ സ്വന്തമാക്കുന്നത്.