മറ്റൊരു ഇംഗ്ലീഷ് സൂപ്പര്‍ താരം കൂടി ഐഎസ്എല്ലിലേക്ക്, സ്വന്തമാക്കുന്നത് ഈ ക്ലബ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചിരിക്കെ വാശിയേറിയ പോരാട്ടമാണ് ടീമുകള്‍ തമ്മില്‍ കാഴ്ച്ചവെക്കുന്നത്. ഇതിനിടെ ഐഎസ്എല്ലിലേക്ക് ഇതാദ്യമായി എത്തിയ കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളിലേക്ക് മറ്റൊരു ഇംഗ്ലീഷ് സൂപ്പര്‍ താരം കൂടി എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ജോ ഗാര്‍നറിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഗാര്‍നറിനെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ടീമിലെത്തിക്കാനാണ് ഈസ്റ്റ് ബംഗാള്‍ ശ്രമിക്കുന്നത്. നിലവില്‍ ആറ് വിദേശ താരങ്ങള്‍ മാത്രമുളള ഈസ്റ്റ് ബംഗാളിന് ഒരു വിദേശ താരത്തെ സ്വന്തമാക്കാനുളള അവസരം ഉണ്ട്. അതിലേക്കാണ് ഗാര്‍നറിനെ പരിഗണിക്കുന്നത്.
ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബായ വിഗാന്‍ അത്‌ലെറ്റിക്കിനായി കളിച്ചിരുന്ന താരം ഇതിനായി ക്ലബുമായുള്ള കരാര്‍ റദ്ദാക്കിയെന്നാണ് സൂചന. പ്രീമിയര്‍ ലീഗ് ക്ലബ് ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിന്റെ അക്കാദമി താരമാണ് ഗാര്‍നര്‍. ഇംഗ്ലണ്ടിലെ സെക്കന്‍ ഡിവിഷന്‍ ക്ലബുകളില്‍ കളിച്ചിട്ടുളള താരം സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്‌സിനായും ബൂട്ടണിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച്ചയാണ് ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരം. ബദ്ധവൈരികളായ എടികെ മോഹന്‍ ബഗാനാണ് ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന്റെ എതിരാളികള്‍.