; )
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ തൊട്ടതെല്ലാം പിഴക്കുകയാണ് ലിവര്‍പൂളിന്. ട്രാന്‍സ്ഫര്‍മാര്‍ക്കറ്റില്‍ പുതിയതാരങ്ങളെയെത്തിച്ചിട്ടും ഫോര്‍മേഷന്‍മാറ്റി പരീക്ഷിച്ചിട്ടുമൊന്നും രക്ഷയില്ല. തുടര്‍ തോല്‍വിയോടെ പ്രീമിയര്‍ലീഗില്‍ ഒന്‍പതാംസ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍.
എഫ്.എ കപ്പില്‍ ബ്രൈട്ടനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റുപുറത്താകുകയും ചെയ്തു. സൂപ്പര്‍താരം മുഹമ്മദ് സലയുടെ മങ്ങിയ ഫോമാണ് ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. മുന്‍സീസണുകളില്‍ ഗോളടിച്ച് കൂട്ടിയ ഈജിപ്തുകാരന്‍ ഓരോ മത്സരത്തിലും നിരാശപ്പെടുത്തുകയാണ്.
17 ഗോളുകളാണ് സീസണില്‍ ഇതുവരെ സലയില്‍ നിന്ന് വന്നത്. ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ലീഗിലും ഏഴുഗോള്‍വീതം. പരിശീലകന്‍ ജാര്‍ഗന്‍ ക്ലോപ്പ് കളിശൈലിയില്‍ വരുത്തിയമാറ്റങ്ങള്‍ താരത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചതായാണ് വിലയിരുത്തല്‍. സെനഗല്‍താരം സാദിയോ മാനെ കഴിഞ്ഞസീസണോടെ ജര്‍മ്മന്‍ ക്ലബ് ബയേണിലേക്ക് കൂടുമാറിയതും മുന്നേറ്റത്തിന്റെ മൂര്‍ച്ചകുറക്കാന്‍ കാരണമായി. വമ്പന്‍തുക മുടക്കിയെത്തിച്ച മുന്നേറ്റതാരം ഡാര്‍വിന്‍ ന്യൂയ്‌നെസ് അവസരത്തിനൊത്തുയരാത്തതും തിരിച്ചടിയായി. പ്രതിരോധതാരം അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിനെ സ്ഥാനം മാറ്റി മധ്യനിരയില്‍ കളിപ്പിക്കുന്നതും ടീം ഫോര്‍മേഷനെ ബാധിച്ചു.
കളിക്കളത്തില്‍ പന്ത് ലഭിക്കാതെ നില്‍ക്കുന്ന സലെയാണ് പലപ്പോഴും കാണുന്നത്. ബ്രൈട്ടനെതിരായ മത്സരത്തില്‍ ആത്മവിശ്വാസം നഷ്ടമായ നിലയിലായിരുന്നു താരം. രണ്ട് വര്‍ഷത്തിനിടെ തുടരെ നാല് മത്സരങ്ങളില്‍ സലെ ഗോള്‍നേടാനാവാതെ പോകുന്നതും ആദ്യമാണ്.
ചാമ്പ്യന്‍സ് ലീഗിലടക്കം മുന്നേറാന്‍ ലിവര്‍പൂള്‍ നിരയില്‍ സലെ ഫോമിലേക്കുയരണം. പ്രീമിയര്‍ലീഗില്‍ ശരാശരിയാണെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ താരം ഗോള്‍കണ്ടെത്തുന്നത് ആരാധകര്‍ക്കും പ്രതീക്ഷനല്‍കുന്നതാണ്. എന്നാല്‍ ഇതിന് അവസരമൊരുക്കാനും പ്രതിരോധത്തിലടക്കം ശക്തമായി നിലനില്‍ക്കാനും ഈ ലിവര്‍പൂള്‍ ടീമിന് കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നാളെ പ്രീമിയര്‍ലീഗില്‍ വൂള്‍വ്‌സിനെ നേരിടാനൊരുങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷവെക്കുന്നതും സലയുടെ ഫോമിലാണ്.