സന്തോഷ വാര്‍ത്ത, ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഈ രാജ്യം
കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ 14ാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലീഷ് കൗണ്ടി ക്ലബുകള്‍. ഈ വര്‍ഷം സെപ്റ്റംമ്പറില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി സുരക്ഷിതമായ വേദികള്‍ ഒരുക്കാമെന്നാണ് വിവിധ കൗണ്ടി ക്ലബുകള്‍ അറിയിച്ചിരിക്കുന്നത്.
കൗണ്ടി ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടുകളായ കിയാ ഓവല്‍, എഡ്ജ്ബാസ്റ്റണ്‍, ഓള്‍ഡ് ട്രാഫോര്‍ഡ്, എംസിസി എന്നിവക്ക് പുറമെ ലോര്‍ഡ്‌സ് ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്ന ലങ്കാഷെയറും വാര്‍വിക്ഷെയറും ചേര്‍ന്നാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ ഇത്തരമൊരു നിര്‍ദേശംവെച്ചത്. തങ്ങളുടെ നിര്‍ദേശം ബിസിസിഐയെ അറിയിക്കാനും ക്ലബ്ബുകള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്തിയാല്‍ അത് ലോകകപ്പിന് മികച്ച മുന്നൊരുക്കമാകുമെന്നും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടുതന്നെ മത്സരങ്ങള്‍ നടത്താനാകുമെന്നും കൗണ്ടി ക്ലബ്ബുകള്‍ പറയുന്നു.
ഐപിഎല്‍ നടത്തിയാലുണ്ടാകുന്ന വന്‍ സാമ്പത്തിക ലാഭമാണ് കൗണ്ടി ക്ലബുകളെ ലീഗിന് ആതിഥേയത്വം വഹിക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ 100 കോടി രൂപയാണ് വേദിയ്ക്ക് മാത്രം ബിസിസിഐ ചെലവഴിച്ചത്.
കൊവിഡിന് ശമനമുണ്ടായാല്‍ സെപ്റ്റംബറില്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ യുഎഇയിലോ ഇംഗ്ലണ്ടിലോ ഓസ്‌ട്രേലിയയിലോ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഫൈനലടക്കം 31 മത്സരങ്ങളാണ് ഇനി ഐപിഎല്ലില്‍ അവശേഷിക്കുന്നത്.