തകര്‍ന്നടിഞ്ഞു, തോല്‍വി ഒഴിവാക്കാന്‍ ടീം ഇന്ത്യ പൊരുതുന്നു

Image 3
CricketTeam India

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ടെസ്റ്റ് പോരാട്ടത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വനിതാ ടീം. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 231 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 165 റണ്‍സ് ലീഡാണ് ഇന്ത്യന്‍ വനിതകള്‍ വഴങ്ങിയത്. ഇംഗ്ലണ്ട് ഇന്ത്യയെ ഫോളോ ഓണിനയക്കുകയും ചെയ്തു.

രണ്ടാം ഇന്നിംഗ്‌സില്‍ മഴമൂലം തടസ്സപ്പെട്ട മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഒരു വിക്കറ്റിന് 57 റണ്‍സ് എന്ന നിലയിലാണ്. എട്ട് റണ്‍സെടുത്ത സ്മിതി മന്ദാനയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 46 റണ്‍സുമായ ഷഫാലി വര്‍മയും ഒരു റണ്‍സുമായി ദീപ്തി ശര്‍മ്മയുമാണ് ക്രീസില്‍. ഒന്‍പത് വിക്കറ്റ് അവശേഷിക്കെ രണ്ടാം ഇന്നിംഗ്‌സില്‍ നിലവില്‍ 108 റണ്‍സിന് ഇന്ത്യ പിന്നിലാണ്.

ഒന്നാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാരായ ഷഫാലി വര്‍മ (96), സ്മൃതി മന്ധന (78) എന്നിവര്‍ മാത്രമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ദീപ്ദി ഷര്‍മ (29*), പൂജ വസ്ത്രാക്കര്‍ (12) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.

ക്യാപ്റ്റന്‍ മിതാലി രാജ് (2), പൂനം റൗട്ട് (2), ശിഖ പാണ്ഡെ (പൂജ്യം), ഹര്‍മന്‍പ്രീത് കൗര്‍ (4), തനിയ ഭാട്ടിയ (പൂജ്യം), സ്‌നേഹ് റാണ (2), ജുലന്‍ ഗോസ്വാമി (1) എന്നിവരാരും രണ്ടക്കം കടന്നില്ല. ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റോണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഹെതര്‍ നൈറ്റ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. കാതറിന്‍ ബ്രന്റ്, അന്യ ഷ്‌റബ്‌സോള്‍, നാറ്റ് സിവര്‍, കെയ്റ്റ് ക്രോസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.