ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ സംഭവിക്കുന്നത്, പ്രവചനവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

Image 3
CricketTeam India

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒരു ടെസ്റ്റില്‍പ്പോലും ഇംഗ്ലണ്ടിനു ജയിക്കാന്‍ കഴിയില്ലെന്നാണ് ഗംഭീര്‍ തുറന്് പറയുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം.

ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് വിഭാഗം ദുര്‍ബലമാണെന്നും ഇപ്പോള്‍ ടീമിലുള്ള സ്പിന്നര്‍മാരെ വച്ച് ഒരു ടെസ്റ്റ് പോലും ഇംഗ്ലണ്ട് ജയിക്കുമെന്ന് തോന്നുന്നില്ലെന്നു ഗംഭീര്‍ വ്യക്തമാക്കി. നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3-0നോ 3-1നോ സ്വന്തമാക്കാനാണ് സാധ്യത. സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരമ്പരയിലെ ഏക പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിനു 50-50 സാധ്യത താന്‍ കാണുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

പരിചയസമ്പന്നനായ മോയിന്‍ അലിയെക്കൂടാതെ മല്‍സരപരിചയം കുറഞ്ഞ ഡോം ബെസ്സ്, ജാക്ക് ലീച്ച് എന്നിവരാണ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാര്‍. അലി 60 ടെസ്റ്റുകളില്‍ നിന്നും 181 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ലീച്ചും ബെസ്സും 12 ടെസ്റ്റുകള്‍ വീതമാണ് ഇതു വരെ കളിച്ചത്. യഥാക്രമം 31ഉം 44 വിക്കറ്റുകളാണ് ഇവരുടെ സമ്പാദ്യം.

ശ്രീലങ്കയ്ക്കെതിരേയുള്ള കഴിഞ്ഞ പരമ്പരയില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് ഇത്തവണ ഇതാവര്‍ത്തിക്കുക എളുപ്പമാവില്ലെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. റൂട്ടിനെപ്പോലൊരാള്‍ക്കു തീര്‍ത്തും വ്യത്യസ്തമായ വെല്ലുവിളിയായിരിക്കും ഇന്ത്യക്കെതിരേയുള്ള പരമ്പര. ശ്രീലങ്കയില്‍ അദ്ദേഹം വളരെ നന്നായി കളിച്ചു. എന്നാല്‍ ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവരെപ്പോലുള്ള ബൗളര്‍മാര്‍ക്കെതിരേ റൂട്ടിന് റണ്‍സെടുക്കാന്‍ വിയര്‍ക്കേണ്ടിവരുമെന്നും ഗംഭീര്‍ വിശദമാക്കി.

അതെസമയം ടെസ്റ്റ്, ഏകദിനം എന്നിവയില്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ താന്‍ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും ടി20യില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിട്ടുള്ളതെന്നും ഗംഭീര്‍ പറഞ്ഞു.