ആറാം വിക്കറ്റില്‍ രക്ഷകര്‍ അവതരിച്ചു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസീസിന് തകര്‍പ്പന്‍ വിജയം

Image 3
CricketWorldcup

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 ഘട്ടത്തിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ആവേശ ജയം. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി ഓസ്‌ട്രേലിയ മറികടന്നു. പതിനാറാം ഓവര്‍ കഴിഞ്ഞപ്പോള്‍ 83-5 എന്ന നിലയില്‍ പതറിയ ഓസീസിനെ ആറാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്‌നിസും മാത്യു വെയ്ഡും ചേര്‍ന്നാണ് വിജയതീരമടുപ്പിച്ചത്.

35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 118-9, ഓസ്‌ട്രേലിയ 19.3 ഓവറില്‍ 121-5.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(0) ഡേവിഡ് വാര്‍ണറും(14) ഡഗ് ഔട്ടില്‍ തിരിച്ചെത്തി. പിന്നീട് മിച്ചല്‍ മാര്‍ഷുമൊത്ത് സ്റ്റീവ് സ്മിത്ത് ഓസീസിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും മാര്‍ഷിനെ(11) മടക്കി കേശവ് മഹാരാജ് ഓസീസിനെ പ്രതിസന്ധിയിലാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മിത്തും ഗ്ലെന്‍ മാക്‌സ്വെല്ലും ചേര്‍ന്ന് ഓസീസിനെ ട്രാക്കിലാക്കി. പതിനഞ്ചാം ഓവറില്‍ 34 പന്തില്‍ 35 റണ്‍സെടുത്ത സ്മിത്തിനെ നോര്‍ട്യയുടെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം പറന്നു പിടിച്ചതോടെ ദക്ഷിണാഫ്രിക്കക്ക് വീണ്ടും പ്രതീക്ഷയായി. തൊട്ടടുത്ത ഓവറില്‍ മാക്‌സ്വെല്ലിനെ(18) തബ്രൈസ് ഷംസി ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഓസീസ് അപകടം മണത്തു.

അവസാന നാലോവറില്‍ ജയിക്കാന്‍ 36 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഒത്തുചേര്‍ന്ന സ്റ്റോയ്‌നിനും വെയ്ഡും ചേര്‍ന്ന് കൂടുതല്‍ അപകടങ്ങളില്ലാതെ ഓസീസിനെ ജയത്തിലേക്ക് നയിച്ചു. സ്ലോ പിച്ചില്‍ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയത് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കക്കായി നോര്‍ട്യ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടിസീനെ 20 ഓവറില്‍ 9 വിക്കറ്റിന് 118 റണ്‍സ് എന്ന നിലയില്‍ ഓസീസ് മെരുക്കി. എയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായപ്പോള്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡ്, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ ബൗളിംഗാണ് ഓസീസിനെ തുണച്ചത്.