ഷംസി കൊടുങ്കാറ്റ്, തകര്‍ന്നടിച്ച് ഇംഗ്ലീഷ് കോട്ട, ദക്ഷിണാഫ്രിക്കയ്ക്ക് പടുകൂറ്റന്‍ ജയം, പരമ്പര

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം. 90 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് 101 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-1ന് സ്വന്തമാക്കി.

നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ തബ്രീസ് ഷംസിയാണ് ഇംഗ്ലീഷ് ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. ഷംസിയുടെ കരിയര്‍ ബെസ്റ്റ് ടി20 പ്രകടനമാണിത്. കേശവ് മഹാരാജ് രണ്ടും അന്റിച്ച് നോര്‍ജെ, ആന്‍ഡില്‍ പിലൂക്കുവായോ, എയ്ഡന്‍ മാര്‍ക്കരം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇംഗ്ലണ്ടിനായി 27 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോ മാത്രമാണ് പിടിച്ച് നിന്നത്. ജേസണ്‍ റോയ് (17), ജോസ് ബട്‌ലര്‍ (14), ക്രിസ് ജോര്‍ദാന്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

നേരത്തെ റീസാ ഹെന്‍ഡ്രിക്‌സിന്റെയും എയ്ഡന്‍ മാര്‍ക്കരത്തിന്റേയും അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹെന്‍ഡ്രിക്‌സ് 50 പന്തില്‍ ഒന്‍പത് ഫോറടക്കം 70 റണ്‍സാണ് നേടിയത്. മാര്‍ക്കരം 36 പന്തില്‍ അഞ്ച് ഫോറുടക്കം പുറത്താകാതെ 51 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ 22ഉം റിലി റോസോവ് 31ഉം റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ഡേവിഡ് വില്ലേ മൂന്ന് വിക്കറ്റ് വീഴ്ത്തി. നല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയാണ് വില്ലേ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ക്രിസ് ജോര്‍ദാനും മൊയീന്‍ അലിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

You Might Also Like