തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിനെ അടിച്ചൊടുതുക്കി, പിന്നെ എറിഞ്ഞിട്ടു

Image 3
CricketTeam India

ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 44 റണ്‍സിന് കീഴടങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ 58 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്താക്കിയാണ് തിരിച്ചടിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് കേവലം 16.4 ഓവറില്‍ 149 റണ്‍സിന് കീഴടങ്ങുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി റീലി റോസോവും റീസാ ഹെന്‍ഡ്രിക്‌സും കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 55 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താകാതെ 96 റണ്‍സാണ് റീലീ റോസോവ് സ്വന്തമാക്കിയത്. റീസ ഹെന്റിക്‌സ് ആകട്ടെ 32 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സും നേടി.

ക്വിന്റണ്‍ ഡികോക്ക് (15), ഹെന്റിച്ച് ക്ലാസന്‍ (19) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്്മാന്‍മാര്‍. 15 റണ്‍സുമായി ട്രിസ്റ്റന്‍ സ്റ്റബ്സ് റോസോവിന് കൂട്ടായി ക്രീസിലുണ്ടായിരുന്നു. ഇംഗ്ലണ്ടിനായി മൊയിന്‍ അളി, റിച്ചാര്‍ ഗ്ലീസന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് നിരയില്‍ ആര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല. 21 പന്തില്‍ നാല് ബൗണ്ടറി സഹിതം 30 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നായകന്‍ ജോസ് ബട്‌ലര്‍ 14 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും അടക്കം 29 റണ്‍സെടുത്തു.

ജാസണ്‍ റോയ് (20), ഡേവിഡ് മലാന്‍ (5), മെയീന്‍ അലി (28), സാം കുറണ്‍ (2), ലിയാം ലിവിംഗ്‌സ്റ്റണ്‍ (18), ക്രിസ് ജോര്‍ദാന്‍ (5), ആദില്‍ റാഷിദ് (3), റിച്ചാര്‍ഡ് ഗ്രീസണ്‍ (0) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭവ. ഒരു റണ്‍സുമായി ടോപ്ലേ പുറത്താകാതെ നിന്നു.

മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കിയ തബ്രീസ് ശംസിയും ആന്‍േ്രഡ പെലൂക്കുവോയുമാണ് ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍മാരെ കെട്ടുകെട്ടിച്ചത്. ലുങ്കി എങ്കിടി 2.4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

റീലേ റോസോവ് ആണ് കളിയിലെ താരം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമെത്തി.
ഈ മാസം 31നാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം. അതിന് ശേഷം ഇംഗ്ലണ്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും കളിയ്ക്കുന്നുണ്ട്.