പ്രോട്ടീസിനെ കൈകാര്യം ചെയ്ത് ഇംഗ്ലണ്ട്, ടി20യിലെ കൂറ്റന്‍ സ്‌കോര്‍, തകര്‍പ്പന്‍ ജയം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. 41 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് സ്വന്തം നാട്ടിലെ ഏറ്റവും വലിയ ടി20 സ്‌കോര്‍ സ്വന്തമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് പ്രതിരോധിക്കാനായില്ല.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എടുക്കാനെ ആയുളളു.
ഇംഗ്ലണ്ടിനായി മുന്‍ നിര താരങ്ങള്‍ ഐതിഹാസിക വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്.. 53 പന്തില്‍ മൂന്ന് ഫോറും എട്ട് സിക്‌സും സഹിതം 90 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
മൊയീന്‍ അലി 18 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സും സഹിതം 52 റണ്‍സെടുത്തു. ഡേവിഡ് മലാന്‍ 23 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം 43 റണ്‍സെടുത്തപ്പോള്‍ ജോസ് ബട്‌ലര്‍ ഏഴ് പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 22 റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എങ്കിടി നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. പെലൂക് വായോ ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും ഒരോവറില്‍ 33 റണ്‍സ് അടക്കം 63 റണ്‍സ് വഴങ്ങേണ്ടി വന്നു.
മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ തിരിച്ചടിക്കാനാണ് ദക്ഷിണാഫ്രിക്ക ശ്രമിച്ചത്. മൂന്നാം ടി20 മാത്രം കളിയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പുതുമുഖ താരം ട്രിസ്റ്റണ്‍ സ്റ്റുബ്‌സ് വെറും 28 പന്തില്‍ രണ്ട് ഫോറും എട്ട് സിക്‌സും സഹിതം 72 റണ്‍സാണ് അടിച്ചെടുത്തത്. റീസ് ഹെന്റിക്‌സ 33 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സെടുത്തു. മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങനായില്ല.
ഇംഗ്ലണ്ടിനായി റിച്ചാര്‍ജ് ഗ്ലീസന്‍ മൂന്നും ടോപ്ലേയും ആദില്‍ റാഷിദും രണ്ട് വിക്കറ്റ വീതം സ്വന്തമാക്കി. മൊയീന്‍ അലി ഒരു വിക്കറ്റെടുത്തു.