കിവീസ് ബൗളിംഗ് ആക്രമണം അതിരൂക്ഷം, ഇംഗ്ലണ്ടിന് ആദ്യ ദിനം ബാറ്റിംഗ് തകര്‍ച്ച

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയിലാണ്. 81 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

67 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സും 16 റണ്‍സോടെ മാര്‍ക്ക് വുഡും ആണ് ക്രീസില്‍. ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സെടുത്ത് ഡൊമനിക് സിബ്ലിയും റോറി ബേണ്‍സും മികച്ച തുടക്കമിട്ടെങ്കിലും ഇംഗ്ലണ്ട് മധ്യനിരക്ക് അത് മുതലാക്കാനായില്ല.

സിബ്ലിയെ(35) മടക്കി മാറ്റ് ഹെന്റിയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിവെച്ചത്. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ സാക്ക് ക്രോളിയെ(0) വീഴ്ത്തി വാ?ഗ്‌നര്‍ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

ക്യാപ്റ്റന്‍ ജോ റൂട്ടിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. നാലു റണ്‍സെടുത്ത റൂട്ടിനെയും മാറ്റ് ഹെന്റിയാണ് വീഴ്ത്തിയത്. ഓലി പോപ്പ്(19) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അജാസ് പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.ജെയിംസ് ബ്രേസിയെയും(0) റോറി ബോണ്‍സിനെയും ബോള്‍ട്ട് വീഴ്ത്തിയതോടെ ഇം?ഗ്ലണ്ട് കൂട്ടത്തകര്‍ച്ചയിലായി.

എന്നാല് ഓലീ സ്റ്റോണിനെയും(20) മാര്‍ക്ക് വുഡിനെയും(16 നോട്ടൗട്ട്) കൂട്ടുപിടിച്ച് ലോറന്‍സ് നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ 250 കടത്തി. കിവീസിനായി ബോള്‍ട്ടും ഹെന്റിയും അജാസ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

You Might Also Like