കിവീസ്-ഇംഗ്ലണ്ട് പോരില്‍ കേരളവും, നുഴഞ്ഞ് കയറിയത് ഭക്ഷണഹാളില്‍

Image 3
CricketCricket News

ലോര്‍ഡ്സില്‍ നടക്കുന്ന ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ ഉച്ചഭക്ഷണ മെനുവില്‍ കേരളവും ഇടം കണ്ടെത്തിയത്. കേരള കറി സോസാണ് ലഞ്ച് മെനുവില്‍ ഇടംപിടിച്ചത്. സോഷ്യല്‍ മീഡിയകളിലൂടെ ഇത് പലരും ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തിട്ടുണ്ട്.

ലോര്‍ഡ്സ് ലണ്ടന്‍ ഗ്രൗണ്ടെന്ന അവരുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് താരങ്ങളുടെ ഉച്ചഭക്ഷണ മെനുവിന്റെ ലിസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ലിസ്റ്റില്‍ ഇന്ത്യന്‍ ടച്ചുള്ള ഏക ഭക്ഷണ ഐറ്റവും കേരള കറി സോസാണ്.

അതേസമയം, ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരം ലോര്‍ഡ്സില്‍ പുരോഗമിക്കുകയാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് ആദ്യദിനം രണ്ടാം സെഷനില്‍ 39 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്നു വിക്കറ്റിന് 117 റണ്‍സെന്ന നിലയിലാണ്.

ഡെവന്‍ കോണ്‍വേ (54*), ഹെന്റി നിക്കോള്‍സ് (2*) എന്നിവരാണ് ക്രീസില്‍. ടോം ലാതം (23), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (13), റോസ് ടെയ്ലര്‍ (14) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു നഷ്ടമായത്. രണ്ടുവിക്കറ്റുകളെടുത്ത ഓലി റോബിന്‍സണാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ജെയിംസ് ആന്‍ഡേഴ്സനു ഒരു വിക്കറ്റ് ലഭിച്ചു.

ഇന്ത്യക്കെതിരേ ഈ മാസം 18ന് സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള തയ്യാറെടപ്പ് കൂടിയാണ് ന്യൂസിലാന്‍ഡിന് ഈ പരമ്പര. വിരാട് കോലിയും സംഘവും ലോക ചാംപ്യന്‍ഷിപ്പിനായി ഇന്നു ഇംഗ്ലണ്ടിലേക്കു തിരിക്കും.