സൗത്തി കൊടുങ്കാറ്റായി, തകര്‍പ്പന്‍ ലീഡ് സ്വന്തമാക്കി കിവീസ്, ഇംഗ്ലണ്ട് പ്രതിരോധത്തില്‍

Image 3
CricketCricket News

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മികച്ച ലീഡ്. 103 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ലോഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 378 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് പ്രതിരോധം 275 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

25.1 ഓവറില്‍ 43 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് ഇംഗ്ലണ്ടിന്റെ നടുവൊടുച്ചത്. കൈയ്ല്‍ ജാമിണ്‍സണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. അവസാനം പുറത്തായ ഓപ്പണര്‍ റോറി ബേണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ്(297 പന്തില്‍ 132) ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

രണ്ട് വിക്കറ്റിന് 111 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ നായകന്‍ ജോ റൂട്ടിനെ നഷ്ടമായി. 113 പന്തില്‍ 42 റണ്‍സെടുത്ത റൂട്ടിനെ ജാമീസണ്‍, ടെയ്ലറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് സൗത്തി-ജാമീസണ്‍ സഖ്യം മിന്നല്‍ ബൗളിംഗുമായി കളി കയ്യടക്കുകയായിരുന്നു. ഒലീ പോപ്(22), ഡാനിയേല്‍ ലോറന്‍സ്(0), വിക്കറ്റ് കീപ്പര്‍ ജയിംസ് ബ്രെയ്സി(0) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

എട്ടാം നമ്പറിലെത്തിയ അരങ്ങേറ്റക്കാരന്‍ ഒല്ലി റോബിന്‍സണിന്റെ ചെറുത്തുനില്‍പ് മാത്രമാണ് പിന്നീടുണ്ടായത്. ഒല്ലി 101 പന്തില്‍ 42 റണ്‍സെടുത്തു. വാലറ്റത്ത് മാര്‍ക്ക് വുഡ്(0), സ്റ്റുവര്‍ട്ട് ബ്രോഡ്(10) എന്നിവരും നിരാശ സമ്മാനിച്ചു. എന്നാല്‍ ഇതിനിടെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയുമായി റോറി ബേണ്‍സ് വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ കാത്തു. ഓപ്പണറായി ഇറങ്ങി ബേണ്‍സ് ഒടുവിലാണ് പുറത്തായത്. എട്ട് റണ്‍സുമായി ആന്‍ഡേഴ്സണ്‍ പുറത്താകാതെ നിന്നു.

നേരത്തെ കോണ്‍വെയുടെ ഒറ്റയാള്‍ പോരാട്ടമാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍(378) സമ്മാനിച്ചത്. കിവീസ് ഓപ്പണര്‍ 347 പന്തില്‍ 22 ഫോറും ഒരു സിക്‌സും സഹിതം 200 റണ്‍സെടുത്തു. അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം താരമാണ് കോണ്‍വെ. 61 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സണ്‍ നാലും മാര്‍ക് വുഡ് മൂന്നും ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും വിക്കറ്റ് നേടി.