ഗര്‍ജിച്ച് രാഹുലും ഇഷാനും പന്തും, ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ടീം ഇന്ത്യ

ടി20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും കെഎല്‍ രാഹുലും കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് പന്ത് അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രാഹുലും ഇഷാന്‍ കിഷനും അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 24 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 51 റണ്‍സ് അടിച്ച് കൂട്ടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 46 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 70 റണ്‍സും എടുത്തു. ഇഷാന്‍ കിഷന്‍ മത്സരം പൂര്‍ത്തിയാകും മുമ്പ് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കായി റിട്ടേഴ്ഡ് ഹര്‍ട്ട് ആകുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.2 ഓവറില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

പിന്നീടെത്തിയ കോഹ്ലി 13 പന്തില്‍ 11 റണ്‍സുമായും സൂര്യകുമാര്‍ യാദവ് ഒന്‍പത് പന്തില്‍ എട്ട് റണ്‍സുമായി പുറത്തായെങ്കിലും റിഷഭ് പന്തും ഹാര്‍ദ്ദിക്കും ചേര്‍ന്ന് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. റിഷഭ് 14 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 29 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദ്ദിക്ക് 10 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 16 റണ്‍സും നേടി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് മൊയീന്‍ അലിയുടെയും ജോണി ബെയര്‍‌സ്റ്റോയുടെയു ലിയാം ലിവിംഗ്സ്റ്റണിന്റെയും വെിക്കെട്ട് ഇന്നിംഗ്‌സുകളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോസ് ബട്ലറും ജേസണ്‍ റോയിയും ചേര്‍ന്ന് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം നല്‍കി. ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബുമ്രയെയും ആത്മവിശ്വാസത്തോടെ നേരിട്ട ബട്ലറും റോയിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ നാലാം ഓവറില്‍ 36 റണ്‍സിലെത്തിച്ചു. എന്നാല്‍ നാലാം ഓവറില്‍ ബട്ലറെ(13 പന്തില്‍ 18) ക്ലീന്‍ ബൗള്‍ഡാക്കിയ ഷമി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ജേസണ്‍ റോയിയെ(13 പന്തില്‍ 17) ബുമ്രയുടെ കൈകളിലെത്തിച്ച് ഷമി ഇംഗ്ലണ്ട് കുതിപ്പിന് തടയിട്ടു.

തകര്‍ത്തടിച്ച് ബെയര്‍‌സ്റ്റോ, കൂട്ടിന് ലിവിംഗ്‌സറ്റണും അലിയും

ഡേവിഡ് മലനുമൊത്ത് ബെയര്‍‌സ്റ്റോ ഇംഗ്ലണ്ട് സ്‌കോര്‍ 77 ല്‍ എത്തിച്ചെങ്കിലും മലനെ(18 പന്തില്‍ 18) മടക്കി രാഹുല്‍ ചാഹര്‍ ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ മലന് പകരം ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍(20 പന്തില്‍ 30) ബെയര്‍‌സ്റ്റോക്ക് ഒപ്പം തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് സ്‌കോര്‍ കുതിച്ചു. പതിമൂന്നാം ഓവറില്‍ 100 കടന്ന ഇംഗ്ലണ്ട് പതിനാലാം ഓവറില്‍ രാഹുല്‍ ചാഹറിനെതിരെ 17 റണ്‍സടിച്ച് ടോപ് ഗിയറിലായി. പതിനഞ്ചാം ഓവറില്‍ ഷമി ലിവിംഗ്സ്റ്റണെ വീഴ്ത്തിയെങ്കിലും പിന്നീടെത്തിയ മൊയീന്‍ അലിയും മോശമാക്കിയില്ല.

അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സകലെ ജോണി ബെയര്‍‌സ്റ്റോയെ ബൗള്‍ഡാക്കി ബുമ്ര ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ നോക്കിയെങ്കിലും അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ 21 റണ്‍സടിച്ചുകൂട്ടി അലി ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍ നാലോവറില്‍ 43 റണ്‍സ് വഴങ്ങി. ബുമ്ര നാലോവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ നാലോവറില്‍ 23 റണ്‍സ് മാത്രമെ വഴങ്ങിയുള്ളു.

You Might Also Like