റൂട്ടും വീണു, ഇംഗ്ലണ്ടിന്റെ മുന്‍ നിര തകര്‍ന്നു, പിടിമുറുക്കി ടീം ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 84 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 332 റണ്‍സ് കൂടി വേണം.

ഇന്ത്യന്‍ പേസര്‍മാരുടെ വൈവിദ്ധ്യ പൂര്‍ണമായ ആക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെയാണ് ഇംഗ്ലണ്ടിന്റെ മുന്‍നിര തകര്‍ന്നത്. ഇന്ത്യയ്ക്കായി ജ്‌സ്പ്രിത് ഭുംറ മൂന്നും ഷമിയും സിറാജും ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

അലക്‌സ് ലീസ് (6) സാക് ക്രാവ്‌ളി (9), ഒലി പോപ്പ് (10) എന്നിവരുടെ വിക്കറ്റാണ് ഭുംറ സ്വന്തമാക്കിയത്. 11 ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് ഭുംറ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ സ്വന്തമാക്കിയ്. 31 റണ്‍സെടുത്ത ജോറൂട്ടിനെ സിറാജ് പന്തിന്റെ കൈയ്യിലെത്തിച്ചപ്പോള്‍ നെറ്റ് വാച്ച്മാനായി എത്തിയ ജാക് ലീച്ചിനെ റണ്‍സൊന്നും എടുക്കാന്‍ അനുവദിക്കാതെ ഷമിയും സ്വന്തമാക്കുകയായിരുന്നു. 12 റണ്‍സുമായി ജോണ്‍ ബ്രെയര്‍സ്‌ത്രോയും റണ്‍സൊന്നും എടുക്കാതെ ബെന്‍ സ്‌റ്റോക്‌സുമാണ് ഇംഗ്ലീഷ് നിരയില്‍ ക്രീസില്‍.

നേരത്തെ ഏഴിന് 338 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ജഡേജ സെഞ്ച്വറി തികച്ചതാണ് ഏറ്റവും പ്രധാന വിശേഷം. 194 പന്തില്‍ 13 ഫോറടക്കം 104 റണ്‍സാണ് ജഡേജ നേടിയത്. ജഡേജയെ കൂടാതെ ഭുംറ വെറും 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു. ഷമി 16ഉം സിറാജ് രണ്ടും റണ്‍സെടുത്ത് പുറത്തായി. 84.5 ഓവറിലാണ് ഇന്ത്യ 416 റണ്‍സെടുത്തത്.

നേരത്തെ ആദ്യ ദിനം ഇന്ത്യയ്ക്കായി റിഷഭ് പന്തും സെഞ്ച്വറി നേടിയിരുന്നു. 111 പന്തില്‍ 19 ഫോറും നാല് സിക്‌സും സഹിതം 146 റണ്‍സാണ് പന്ത് നേടിയത്. മറ്റാര്‍ക്കും കാര്യമായി തിളങ്ങാനിയല്ല.

You Might Also Like