അരങ്ങേറ്റത്തില്‍ തീപ്പൊരിയായി ഇഷാന്‍, കോഹ്ലിയുടെ ക്ലാസ്, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 1-1ന് ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.

ഇന്ത്യയ്ക്കായി പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ നായന്‍ വിരാട് കോഹ്ലിയും അരങ്ങേറ്റ മത്സരം കളിച്ച് കന്നി അന്താരാഷ്ട്ര അര്‍ധ ശതകം കുറിച്ച ഇഷാന്‍ കിഷനുമാണ് അനായാസ ജയം സമ്മാനിച്ചത്. കോഹ്ലി 49 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 73 റണ്‍സെടുത്തു. ഇഷാന്‍ കിഷനാകട്ടെ 32 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 56 റണ്‍സും സ്വന്തമാക്കി.

നാലാമനായി ക്രീസിലെത്തിയ പന്ത് 13 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 26 റണ്‍സെടുത്തത് ഇന്ത്യയ്ക്ക് ജയം അനായാസമാക്കി. റണ്‍സൊന്നും എടുക്കാതെ പുറത്തായ രാഹുലാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഫോം ഔട്ടായ ഏക ബാറ്റ്‌സ്മാന്‍. ശ്രേയസ് അയ്യര്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

അതെസമയം ഇന്ന് അരങ്ങേറിയ സൂര്യകുമാര്‍ യാദവിന് ബാറ്റിംഗ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

നേരത്തെ ജേസണ്‍ റോയ് (46) പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഓപ്പണര്‍ ജോസ് ബട്ലറെ നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

മോശം ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാന്‍ പുറത്തായി. ധവാന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തി. സ്പിന്നര്‍ അക്സര്‍ പട്ടേലിനും സ്ഥാനം നഷ്ടമായി. സൂര്യകുമാര്‍ യാദവാണ് പകരം വന്നത്. ഇരുവര്‍ക്കും ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റമാണ്. രണ്ട് താരങ്ങള്‍ക്കും ക്യാപ്റ്റന്‍ വിരാട് കോലി തൊപ്പി കൈമാറി.