ഓസ്‌ട്രേലിയയെ തകര്‍ക്കാന്‍ പുതിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍, സര്‍പ്രൈസ് നീക്കം
ടി20 പരമ്പരയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്ക് കളിക്കില്ലെന്ന് ഉറപ്പായി. കാലിനേറ്റ പരിക്കാണ് താരത്തിന് വില്ലനാകുന്നത്. ബട്‌ലറുടെ അഭാവത്തില്‍ യുവതാരം ഹാരി ബ്രൂക്ക് ആയിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക.
ലിവിങ്സ്റ്റണ്‍ ടീമില്‍
ബട്‌ലര്‍ക്ക് പകരം ലിയാം ലിവിങ്സ്റ്റണെ ഏകദിന ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. 2024ലെ ടി20 സെമി ഫൈനലിന് ശേഷം ബട്‌ലര്‍ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. പരിക്കിനെ തുടര്‍ന്ന് ഹണ്ട്രഡ് പോരാട്ടവും താരത്തിന് നഷ്ടമായി.
ബ്രൂക്കിന്റെ നായക അരങ്ങേറ്റം
25-കാരനായ ഹാരി ബ്രൂക്ക് ആദ്യമായാണ് ഇംഗ്ലണ്ട് സീനിയര്‍ ടീമിനെ നയിക്കുന്നത്. നേരത്തെ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്ന ബ്രൂക്ക്, ടി20 ബ്ലാസ്റ്റില്‍ യോര്‍ക്ക്‌ഷെയറിനെയും ഹണ്ട്രഡില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിനെയും നയിച്ചിട്ടുണ്ട്.
പരമ്പര 19ന് തുടങ്ങും
അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സെപ്റ്റംബര്‍ 19ന് ആരംഭിക്കും. 21, 24, 27, 29 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.