കരിയറിലെ ഏറ്റവും സുപ്രധാന ദിനത്തില്‍ നാണക്കേടുകാരണം തല ഉയര്‍ത്താനാകുന്നില്ല, വിതുമ്പി ഇംഗ്ലീഷ് പേസര്‍

വംശീയ അധിക്ഷേപ ട്വീറ്റുകള്‍ക്ക് പരസ്യമായി മാപ്പ് പറഞ്ഞ് ഇംഗ്ലീഷ് പേസര്‍ ഓലീ റോബിന്‍സണ്‍. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം രണ്ട് വിക്കറ്റുമായി റോബിന്‍സണ്‍ തിളങ്ങിയതിന് പിന്നാലെയാണ് എട്ടു വര്‍ഷം മുമ്പ് ട്വിറ്ററില്‍ താരം നടത്തിയ വംശീയ പരാമര്‍ശങ്ങളടങ്ങിയ ട്വീറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാപകമായി പ്രചരിച്ചത്.

ആദ്യ ദിവസത്തെ മത്സരത്തിനുശേഷം മാധ്യമങ്ങളെ കണ്ട റോബിന്‍സണ്‍ കരിയറിലെ ഏറ്റവും സുപ്രധാന ദിനത്തില്‍ നാണക്കേടുകാരണം തനിക്ക് തല ഉയര്‍ത്താനാവില്ലെന്ന് റോബിന്‍സണ്‍ വ്യക്തമാക്കി.

എട്ടു വര്‍ഷം മുമ്പ് ട്വിറ്ററില്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും വംശീയമായി അധിക്ഷേപിക്കുന്നതുമായ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയുന്നുവെന്നും കരച്ചിലിന്റെ വക്കോളമെത്തിയ റോബിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ ട്വീറ്റുകള്‍ ഇപ്പോഴും അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താനൊരിക്കലും വംശവെറിയനോ ലൈംഗികച്ചുവയോടെ സംസാരിക്കുന്ന വ്യക്തിയോ അല്ലെന്നും റോബിന്‍സണ്‍ വ്യക്തമാക്കി.

ആ കാലത്ത് ചിന്താശേഷിയില്ലാതെ ചെയ്ത കാര്യങ്ങളാണെങ്കിലും അതൊരു ഒഴിവുകഴിവല്ലെന്നും പരാമര്‍ശങ്ങളില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും റോബിന്‍സണ്‍ വ്യക്തമാക്കി. വ്യക്തിയെന്ന നിലയില്‍ താന്‍ ഏറെ പക്വത നേടിയെന്നും അതുകൊണ്ടുതന്നെ പക്വതയില്ലാത്ത കാലത്ത് നടത്തിയ പരാമര്‍ങ്ങളുടെ പേരില്‍ മാപ്പു പറയുന്നുവെന്നും റോബിന്‍സണ്‍ വ്യക്തമാക്കി.

കൗമാരകാലത്ത് യോര്‍ക്ക്‌ഷെയറില്‍ നിന്ന് പുറത്താക്കപ്പെട്ടകാലത്ത് മാനസികമായി ആകെ തകര്‍ന്നിരിക്കുമ്പോള്‍ നടത്തയി ട്വീറ്റുകളാണ് അത്. അതെല്ലാം ഇപ്പോഴും അവിടെയുണ്ടാകുമെന്ന് കരുതിയില്ല, എങ്കിലും അന്ന് നടത്തിയ പരമാര്‍ശങ്ങളുടെ പേരില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു-റോബിന്‍സണ്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ 27കാരനായ റോബിന്‍സണ്‍ ആദ്യ ദിനം രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.

 

You Might Also Like