24 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ന്നു, അവന്‍ ഒരു ചെറിയ മീനല്ല

ഇംഗ്ലണ്ടിനെതിരായ ആദ്യ എകദിനത്തില്‍ അരങ്ങേറിയ കര്‍ണാടക താരം പ്രസിദ്ധ് കൃഷ്ണയെ തേടി അപൂര്‍വ്വ റെക്കോര്‍ഡ്. ഇന്ത്യയ്ക്കായി അരങ്ങേറിയ താരങ്ങളില്‍ ഏറ്റവും അധികം വിക്കറ്റ് സ്വന്തമാക്കിയ താരം എന്ന നേട്ടമാണ് പ്രസിദ്ധ് സ്വന്തമാക്കിയത്.

അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ സീമറുടെ ഏറ്റവും മികച്ച ഫിഗറാണിത്. 24 വര്‍ഷം മുമ്പ് ഇന്ത്യന്‍ താരം നോയല്‍ ഡേവിഡ് സ്വന്തമാക്കിയ റെക്കോര്‍ഡാണ് പ്രസിദ് കൃഷ്ണ മറികടന്നത്. 1997 ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഏകദിന അരങ്ങേറ്റ മത്സരത്തില്‍ ഡേവിഡ് 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയിരുന്നു.

മത്സരത്തില്‍ നാല് വിക്കറ്റാണ് പ്രസിദ്ധ് സ്വന്തമാക്കിയത്. റോയ്, സ്റ്റോക്സ്, ബില്ലിംഗ്‌സ്, ടോം കറന്‍ എന്നിവരാണ് പ്രസിദ്ധിന്റെ ബൗളിംഗിന് മുന്നില്‍ കീഴടങ്ങിയത്.

മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. 318 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 42. 1 ഓവറില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. പ്രസിദ്ധിനെ കൂടാതെ 3 വിക്കറ്റ് നേടിയ താക്കൂറിന്റെയും 2 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

016-17 വിജയ് ഹസാരെ ട്രോഫിയിലായിരുന്നു പ്രസിദ്ധ് കൃഷ്ണയുടെ ലിസ്റ്റ് എ അരങ്ങേറ്റം. ആ സീസണില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും 2018-ല്‍ തന്റെ രണ്ടാം വിജയ് ഹസാരെ ട്രോഫി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ ബൗളറായി പ്രസിദ്ധ് മാറി. ഇന്ത്യ എ ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ പരിശീലിക്കാനും പ്രസിദ്ധിന് സാധിച്ചു.

ഐ.പി.എല്ലാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ നെറ്റ് ബൗളറായിരുന്നു തുടക്കത്തില്‍ പ്രസിദ്ധ്.

2018 ഐ.പി.എല്ലില്‍ യുവതാരം കമലേഷ് നാഗര്‍കോട്ടിക്ക് പരിക്കേറ്റതോടെ കെ.കെ.ആര്‍ പ്രസിദ്ധിനെ ടീമിലെടുക്കുകയായിരുന്നു. പിന്നീട് ശിവം മാവിക്ക് പരിക്കേറ്റതോടെയാണ് പ്രസിദ്ധിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുന്നത്. 2018 മേയ് ആറിന് മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു താരത്തിന്റെ ഐ.പി.എല്‍ അരങ്ങേറ്റം. ഐ.പി.എല്‍ സീസണില്‍ 150.22 കി.മീ വേഗതയില്‍ പന്തെറിഞ്ഞതോടെ പ്രസിദ്ധ് വീണ്ടും പേരെടുക്കാന്‍ തുടങ്ങി. സീസണില്‍ 14 വിക്കറ്റുകളും സ്വന്തമാക്കി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പോലും വേഗം കൊണ്ട് അദ്ഭുതപ്പെടുത്താനും പ്രസിദ്ധിന് സാധിച്ചിരുന്നു. മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീയുടെ കടുത്ത ആരാധകനായ പ്രസിദ്ധിന് എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ ഗ്ലെന്‍ മഗ്രാത്തിനു കീഴില്‍ പരിശീലിക്കാനും അവസരം ലഭിച്ചു.

 

You Might Also Like