ഒരു പരീക്ഷണം പോലും നേരിടാനുളള ശേഷിയില്ല, ടെസ്റ്റ് കളിക്കാന്‍ നിങ്ങള്‍ അര്‍ഹരല്ലാതായിരിക്കുന്നു

സംഗീത് ശേഖര്‍

ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ വിദേശത്തെ പേസും ബൗണ്‍സുമുള്ള ട്രാക്കുകളില്‍ ദയനീയമായി പരാജയപ്പെടുമ്പോള്‍ ആരാധകരോ വിമര്‍ശകരോ ഇന്ത്യന്‍ ടീം മാനേജ് മെന്റോ പിച്ചുകളെ കാര്യമായി കുറ്റം പറഞ്ഞിരുന്നതായി ഓര്‍മയില്ല. അവര്‍ക്കവിടെ കളിക്കാനറിയില്ല എന്ന സിംപിളായ തിരിച്ചറിവോടെയുള്ള പ്രതികരണത്തിനൊപ്പം ഇന്ത്യയില്‍ കൂടുതല്‍ പേസും ബൗണ്‍സുമുള്ള വിക്കറ്റുകള്‍ നിര്‍മിക്കുന്നതിനെ പറ്റിയാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നതെന്ന് തോന്നുന്നു.നാട്ടില്‍ ബൗണ്‍സുള്ള ട്രാക്കുകളില്‍ കളിച്ചു പഠിച്ചാല്‍ വിദേശത്തു പോയി നാണം കെടുന്നത് ഒഴിവാക്കാം എന്ന്. പുവര്‍ ട്രാവലേഴ്സ് എന്ന വിശേഷണത്തില്‍ നിന്ന് ഇന്ത്യ കരകയറുന്നത് വര്‍ഷങ്ങളെടുത്താണ് . ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഒരുതരം എമ്പരാസ് മെന്റ് തന്നെയായിരുന്നു ഒരു കാലഘട്ടത്തിലെ ഓസ്ട്രേലിയന്‍ ,സൗത്ത് ആഫ്രിക്കന്‍ ,ന്യുസിലന്റ് പര്യടനങ്ങള്‍ . ടിപ്പിക്കല്‍ ഇംഗ്‌ളീഷ് സാഹചര്യങ്ങളിലെ ലാറ്ററല്‍ മൂവ്‌മെന്റിനെയും അതിജീവിക്കാന്‍ കഴിയാറില്ല . രണ്ടോ മൂന്നോ ബാറ്റ്സ്മാന്‍മാരെ മാറ്റി നിര്‍ത്തിയാല്‍ വിദേശ പര്യടനങ്ങള്‍ ഒരു ബാറ്റിംഗ് യൂണിറ്റിനു അഗ്‌നിപരീക്ഷണങ്ങളായിരുന്ന കാലഘട്ടം . മുട്ടിനു താഴെ ബൗണ്‍സ് ലഭിക്കുന്ന ഇന്ത്യന്‍ ട്രാക്കുകളില്‍ നിന്ന് മാറി പേസും ബൗണ്‍സുമുള്ള ട്രാക്കുകളില്‍ ഉന്നതനിലവാരമുള്ള പേസര്‍മാരെ നേരിട്ടപ്പോള്‍ അടിപതറിയതിനൊപ്പം ഫ്‌ലാറ്റ് ട്രാക്ക് ബുള്ളീസ് എന്ന വിശേഷണവും പേറി പല മികച്ച ബാറ്റ്സ്മാന്മാര്‍ക്കും കരിയര്‍ അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു. ഇത്തരം ട്രാക്കുകളില്‍ മികച്ച പ്രകടനം നടത്തുന്ന ബൗളിങ് യൂണിറ്റിന്റെ അഭാവമാണ് ഇന്ത്യയുടെ കാര്യങ്ങള്‍ കൂടുതല്‍ ദയനീയമാക്കിയിരുന്നത് . കാലം കടന്നുപോയപ്പോള്‍ വിരാട് കോഹ്ലിയുടെ കീഴില്‍ ഇന്ത്യ നിഴലുകളില്‍ നിന്നും പുറത്ത് കടന്നു ഒരുവിധം ട്രാക്കുകളില്ലെല്ലാം മികച്ച പോരാട്ടം നടത്താനും ജയിക്കാനും കെല്പുള്ള ടീമായി വളര്‍ന്നതാണ് കാര്യങ്ങളെ മാറ്റി മറിക്കുന്നത് .ചരിത്രത്തിലാദ്യമായി ബാറ്റിങ് നിരയും ബൗളിംഗ് നിരയും സമതുലിതമായി മാറിയിരിക്കുന്നു. ജസ്പ്രീത് ബുമ്ര ,മുഹമ്മദ് ഷാമി ,ഇഷാന്ത് ശര്‍മ്മ എന്നിവരടങ്ങുന്ന ഒരു പേസ് ബൗളിംഗ് യൂണിറ്റിന് തുല്യ സാധ്യതകള്‍ നല്കുന്നവയായി വിദേശത്തെ പേസി ട്രാക്കുകള്‍ എന്ന അവസ്ഥയില്‍ ഇത്തരം ട്രാക്കുകളിലെക്ക് ഇന്ത്യയെ എടുത്തെറിയുന്നതിനെ പറ്റി വിദേശ ടീമുകള്‍ രണ്ടാമതൊന്നു ആലോചിച്ചു തുടങ്ങിയെന്നു തോന്നുന്നു.

തിരിച്ചവര്‍ ഇന്ത്യയിലെത്തുമ്പോള്‍ 4 / 5 ദിവസങ്ങളില്‍ തിരിയുന്ന സ്പിന്‍ ട്രാക്കുകളാണ് വരവേറ്റിരുന്നത്.ചിലപ്പോഴൊക്കെ ചെന്നൈയിലും മുംബൈയിലും രണ്ടാം ദിവസം തിരിയുന്ന ട്രാക്കുകള്‍ കൊണ്ടും ഇന്ത്യ വിദേശ ടീമുകളെ കറക്കിയിരുന്നു. ജിമ്മി ആഡംസ് ,മാത്യു ഹെയ്ഡന്‍ , അലിസ്റ്റര്‍ കുക്ക്,ആന്‍ഡി ഫ്ളവര്‍ എന്നിങ്ങനെ അപൂര്‍വം ചിലരെ മാറ്റി നിര്‍ത്തിയാല്‍ ലോകോത്തര ബാറ്റ്സ്മാന്മാര്‍ വരെ സ്പിന്‍ ട്രാക്കുകളില്‍ വീണിട്ടുണ്ട് . ഒരിന്ത്യന്‍ പര്യടനം കഴിയുമ്പോള്‍ അല്ലെങ്കില്‍ ഇടക്ക് വച്ച് ആദ്യമുയരുന്ന പരാതികള്‍ ഇന്ത്യന്‍ ട്രാക്കുകളുടെ നിലവാരക്കുറവിനേയും ചതിക്കുഴികളെയും കുറിച്ചായിരിക്കും. ഹോം ടീമൊരിക്കലും തങ്ങളുടെ കരുത്തിനു അനുസരിച്ചല്ലാതെ വിസിറ്റിങ് ടീമുകളുടെ ശക്തിക്കനുസരിച്ചു പിച്ചുകള്‍ ഉണ്ടാക്കില്ലെന്നത് പ്രകടമായ കാര്യമാണ്. ഇന്ത്യയില്‍ എന്താണ് തങ്ങള്‍ നേരിടാന്‍ പോകുന്നതെന്നതിനെ പറ്റി കൃത്യമായ ധാരണയുള്ള സന്ദര്‍ശക ടീമുകള്‍ക്ക് തയ്യാറെടുക്കാനും സമയമുണ്ട്. സ്പിന്‍ ട്രാക്കുകളില്‍ ബാറ്റ് ചെയ്യുന്നതിന് അസാധാരണമായ സ്‌കില്‍ തന്നെ വേണമെന്നതില്‍ തര്‍ക്കമുണ്ടോ ? ഒരു ടോപ് ക്വാളിറ്റി ബാറ്റ്‌സ്മാനല്ലാതെ ഇത്തരം സാഹചര്യങ്ങള്‍ അതിജീവിക്കാനും കഴിയില്ല എന്നിരിക്കെ സന്ദര്‍ശക ടീമുകളില്‍ ഇത്തരം ബാറ്റ്സ്മാന്‍മാരുടെ അഭാവമാണ് അവരെ പുറകോട്ടു വലിക്കുന്നത്.

പേസും ബൗണ്‍സുമുള്ള ട്രാക്കുകളായാലും റാങ്ക് ടേണറുകളായാലും വിസിറ്റിങ് ടീമുകള്‍ക്ക് പ്രതികൂല സാഹചര്യങ്ങളില്‍ പ്രശ്നമാകുന്നത് നിലവാരമുള്ള ബാറ്റ്സ്മാന്‍മാരുടെ കുറവാണു. സ്പിന്‍ ട്രാക്കുകളില്‍ കളിച്ചു വളര്‍ന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് സ്വന്തം നാട്ടില്‍ സ്വാഭാവികമായും ,വിദേശത്തെ ബൗണ്‍സി ട്രാക്കുകളില്‍ കളിച്ചു വളര്‍ന്ന ബാറ്റ്സ്മാന്മാര്‍ക്ക് അത്തരം സാഹചര്യങ്ങളിലുള്ളത് പോലെ തന്നെ ഒരു എഡ്ജ് ഉണ്ടായിരിക്കുകയും ചെയ്യും. ബട്ട് മൊട്ടേരയിലേത് പോലുള്ള ട്രാക്കുകളില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പോലും ഇത്തരം അഡ്വാന്റേജ് ഉണ്ടായിരിക്കുകയുമില്ല എന്നത് വേറൊരു യാഥാര്‍ഥ്യമാണ് . അസാധ്യമായ സ്‌കില്ലും ടെക്‌നിക്കും ടെമ്പറമെന്റും ഉള്ള ബാറ്റ്സ്മാന്മാര്‍ക്ക് മാത്രമേ പ്രതികൂല സാഹചര്യങ്ങളെ കൗണ്ടര്‍ ചെയ്യാന്‍ കഴിയൂ. സ്റ്റീപ് ബൗണ്‍സ് നാട്ടില്‍ നേരിട്ട് അധികം ശീലമില്ലാത്ത ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ ബൗണ്‍സറുകളും ഷോര്‍ട്ട് പിച്ച് പന്തുകളും കൊണ്ട് ഓസീസ് പേസര്‍മാര്‍ നിര്‍ദ്ദയം പരീക്ഷിച്ച പരമ്പര കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായിട്ടില്ല .ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പരിക്കേറ്റെങ്കില്‍ അതിനു കാരണം ഓസീസ് ഫാസ്റ്റ് ബൗളര്‍മാരുടെ ബോഡി ലൈന്‍ ടാക്റ്റിക് എന്നതിനേക്കാള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ബൗണ്‍സറുകളെ നേരിടുന്നതിലെ പുവര്‍ ടെക്‌നിക്ക് കൊണ്ട് തന്നെയായിരുന്നു .ഞങ്ങളെയവര്‍ എറിഞ്ഞു വീഴ്ത്തിയെന്ന വാദം എക്‌സ് ക്യൂസ് മാത്രമാണ്. എന്തായാലും പ്രോപ്പര്‍ ടെക്‌നിക്കിന്റെ കുറവുള്ള ബാറ്റ്സ്മാന്മാര്‍ പോലും അസാധാരണമായ ഗ്രിറ്റ് കൊണ്ടാണ് അന്ന് പിടിച്ചു നിന്നത്. ബ്രൂട്ടല്‍ ബോഡി ബ്ലോകളെ നേരിട്ട് അതിജീവനമികവ് പ്രകടമാക്കിയ ഒരു യൂണിറ്റ് പര്യടനം പൂര്‍ത്തിയാക്കിയപ്പോള്‍ ഫസ്റ്റ് ഇലവനില്‍ കളിക്കേണ്ട പലരും പരുക്കേറ്റ് പുറത്തായിരുന്നു. സൊ ഇറ്റ്‌സ് എബൌട്ട് സര്‍വൈവല്‍ ഇന്‍ അഡ്വേഴ്‌സ് കണ്ടീഷന്‍സ് . സര്‍വൈവല്‍ ഇറ്റ് സെല്‍ഫ് ഈസ് ആന്‍ ആര്‍ട്ട് .

മോട്ടേരയിലെ പിച്ച് മോശമാണെന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല .കണ്ടിരിക്കുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും അത്ര നല്ലൊരു എക്‌സ്പീരിയന്‍സല്ല ഇത്തരം പിച്ചുകള്‍. ഇന്ത്യ കുഴിയൊരുക്കി ഇംഗ്ലണ്ടിനെ തോല്‍പിച്ചു എന്ന കാര്യത്തില്‍ മാത്രമാണ് പ്രശ്‌നം തോന്നുന്നത് .പിച്ച് എങ്ങനെയായാലും രണ്ടു ടീമുകള്‍ക്കും ഒരേപോലെയാണെന്ന രീതിയിലാണ് ഈ പരമ്പര പോയിരുന്നത്. ഇന്ത്യ കൂടെ ഉറപ്പായും വീഴേണ്ട കുഴിയില്‍ ഇംഗ്ലണ്ട് ഒറ്റക്ക് വീണു പോയത് ഇംഗ്ലണ്ടിന്റെ ടാക്റ്റിക്കല്‍ മിസ്റ്റേക്ക്‌സിന്റെ ഫലമായിട്ടു മാത്രമാണ് . ഇംഗ്ലണ്ട് പിച്ചിനെ മിസ് റീഡ് ചെയ്തുകൊണ്ട് രണ്ടാം സ്പിന്നറെ ഒഴിവാക്കിയത് നിര്ണായകമായെന്നേയുള്ളൂ. കഴിഞ്ഞ ടെസ്റ്റിലേത് പോലെ രോഹിത് ശര്‍മയുടെയും സാക് ക്രോളിയുടെയും ആദ്യ ഇന്നിംഗ്‌സ് പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രണ്ടു ടീമിലെയും ബാറ്റ്സ്മാന്മാര്‍ക്ക് ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞതേയില്ല .അതായത് ഹോം ടീമിന് ഫേവറബിള്‍ ആയൊരുക്കിയ ട്രാക്കില്‍ വിസിറ്റിങ് ടീം ഒരു സ്പിന്നറെ കൂടെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കളിയുടെ ഗതി മാറിയേനെ .തീര്‍ത്തും സ്പിന്നര്‍ ഫ്രണ്ട്‌ലി ആയിരുന്ന ആദ്യ ദിവസ റാങ്ക് ടേണറില്‍ രണ്ടു ടീമിന്റെയും ബാറ്റിംഗ് ഒരേ പോലെയായിരുന്നു.അവിടെയാണ് രോഹിത് ശര്‍മ്മ വേറിട്ട് നില്‍ക്കുന്നത് .രോഹിതിന്റെ ക്ളാസ്സി 66 വിധിനിര്‍ണായകമായിരുന്നു. 2 സ്പിന്നര്‍മാരെ കൊണ്ട് രോഹിതിനെ ആക്രമിക്കേണ്ട സമയത്ത് പേസര്‍മാരെ കൊണ്ട് ആക്രമിച്ചത് രോഹിത് കൃത്യമായി മുതലാക്കി. ഇന്ത്യയുടെ വിജയം തന്നെ ഈ ഒരൊറ്റ സെഷന്റെ ബലത്തിലായിരുന്നു. അക്ഷര്‍ ,റൂട്ട് ,ലീച്ച് എന്നിവരുടെ ബൗളിങ്ങിനെ പറ്റി എന്തുകൊണ്ടൊന്നും പറയുന്നില്ല എന്നതിനുത്തരം റൂട്ടിന്റെ 5 വിക്കറ്റാണ് . പാര്‍ട്ട് ടൈം സ്പിന്നര്‍ക്ക് വരെ 5 വിക്കറ്റ് ലഭിച്ച ട്രാക്കില്‍ പാര്‍ട്ട് ടൈം സ്പിന്നര്‍ ജോ റൂട്ട് പന്തെറിയാന്‍ വരുന്നത് 42 ആം ഓവറിലാണ് എന്നതാണ് ഇന്ത്യക്ക് ഒന്നാമിന്നിങ്സ് ലീഡ് സമ്മാനിക്കുന്നത് . ഹോം ടീം ,വിസിറ്റേഴ്‌സ് എന്ന വ്യത്യാസമൊക്കെ മാറ്റി നിര്‍ത്തി 2 ഭേദപ്പെട്ട സ്പിന്നര്‍മാര്‍ കയ്യിലുള്ള ഏതൊരു ടീമിനും തുല്യ സാധ്യതയാണ് ഇത്തരം ട്രാക്കുകള്‍ നല്‍കുന്നത്.ഓസ്ട്രേലിയ,ഇംഗ്ലണ്ട് എന്നിങ്ങനെ ഏതു ടീമെടുത്താലും ഇത്തരം പിച്ചുകളില്‍ പന്തെറിയാനും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വരെ സമ്മര്‍ദ്ദത്തിലാക്കാനും കെല്പുള്ള ഒന്നിലധികം സ്പിന്നര്‍മാരുടെ സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെ ഒരു റാങ്ക് ടേണര്‍ ഒരുക്കി എങ്ങനെയും വിസിറ്റിങ് ടീമുകളെ വീഴ്ത്താമെന്ന സ്വാഭാവികതയ്ക്ക് ഇന്ത്യയിലും മാറ്റം വന്നു തുടങ്ങി കഴിഞ്ഞു.ടോസ് കിട്ടാത്ത പക്ഷം ഈ തന്ത്രം തിരിച്ചടിക്കാനുള്ള ചാന്‍സുമുണ്ട് .സ്പിന്നിനെ ഇത്തരം ട്രാക്കുകളില്‍ മനോഹരമായി നേരിടുന്ന ബാറ്റ്സ്മാന്‍മാരുടെ എണ്ണം ഇന്ത്യയിലും കുറഞ്ഞു വരുന്നുമുണ്ട് എന്നത് കൂടെ കണക്കിലെടുക്കുമ്പോള്‍ പലപ്പോഴും ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണ് ഇത്തരം ട്രാക്കുകള്‍ .

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനോളം ആവേശമുയര്‍ത്താന്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്. കാരണം വ്യക്തമാണ് ,ഇംഗ്ലണ്ട് ഇവിടെ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടവീര്യം കാട്ടുന്നില്ല .ബെന്‍ ഫോക്ക്സും ജോ റൂട്ടുമൊഴിച്ചോരു ബാറ്റ്സ്മാനും സംഭവിക്കുന്നതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല എന്നത് കൊണ്ട് തന്നെ ബെന്‍ ഫോക്ക്‌സ് ഈ പര്‍ട്ടിക്കുലര്‍ പര്യടനത്തില്‍ ടോപ് ഓര്‍ഡറില്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ട്. പിന്നെ വിമര്‍ശനവിധേയമായ മൊട്ടേരയിലെ പിച്ചില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും കളിച്ചാലും ഇതിനപ്പുറമൊന്നും സംഭവിക്കാന്‍ സാധ്യതയില്ല ഉള്ളത് 20 വിക്കറ്റുകള്‍ തന്നെയാണ്,അതവര്‍ പങ്കിട്ടെടുക്കും .ഇതുപോലത്തെ മൈന്‍ ഫീല്‍ഡുകളില്‍ അവരതിന് മുന്നേ കളിച്ചിട്ടുമുണ്ട്.

സ്‌പോര്‍ട്ടിങ് വിക്കറ്റുകള്‍ ഒരുക്കി രണ്ടു ടീമിനും തുല്യ സാധ്യത നല്‍കുന്ന രീതിയാണ് ഐഡിയലി എല്ലാവരും പിന്തുടരേണ്ടത് എന്നാണ് വ്യക്തിപരമായ അഭിപ്രായം.ബാറ്റും ബോളും തമ്മിലുള്ള മത്സരമെന്നത് ഹോം അഡ്വാന്റേജൂം വിസിറ്റിങ് ടീമിന്റെ ഗ്രിറ്റും തമ്മിലുള്ള പോരാട്ടമാകുന്നതില്‍ ഇഷ്യു ഇല്ലെങ്കിലും മൊട്ടേരയിലേത് പോലുള്ള ട്രാക്കുകള്‍ പോരാട്ടത്തെ ബാധിക്കുന്നുണ്ട് . എല്ലാ ടെസ്റ്റുകളും അവസാന ദിവസം അവസാനിക്കുന്ന ത്രില്ലറുകള്‍ ആകുകയെന്നത് നടപ്പുള്ള കാര്യമല്ലെങ്കില്‍ കൂടെ രണ്ടു ദിവസം കൊണ്ട് തീരുന്ന ട്രാക്കുകള്‍ നിരാശയാണ് നല്‍കുന്നത്. സ്‌പോര്‍ട്ടിങ് ട്രാക്കുകള്‍ മാന്‍ഡേറ്ററി ഒന്നുമല്ലാത്തത് കൊണ്ട് വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ അതാത് ട്രാക്കുകളില്‍ കൂടുതല്‍ മികവ് കാണിക്കാന്‍ സാധ്യതയുള്ള കളിക്കാരെ കൂടുതലായി ഉള്‍പ്പെടുത്തി സാഹചര്യങ്ങളെ കൗണ്ടര്‍ ചെയ്യാന്‍ ശ്രമിക്കുക എന്നതേ മാര്‍ഗമുള്ളൂ . ഇന്ത്യന്‍ ടീമിന് അസാധ്യ മുന്‍തൂക്കം ഒന്നുമില്ലാതിരുന്ന ,രണ്ടു ടീമിനും ഒരേപോലെ മോശമായിരുന്ന ഒരു ട്രാക്കില്‍ ടെസ്റ്റ് രണ്ടു ദിവസം കൊണ്ട് ഇംഗ്ലണ്ട് തോല്‍ക്കുന്നത് അവരുടെ തന്നെ ചില തെറ്റായ തീരുമാനങ്ങള്‍ കൊണ്ടാണ് . സൊ ,ദയനീയ തോല്‍വി ഏറ്റു വാങ്ങുമ്പോള്‍ പിച്ചിനെ മാത്രം വിമര്‍ശിച്ചിട്ടു ഒരു കാര്യവുമില്ല .അറ്റ് ദിസ് ലെവല്‍ ,ഏതൊരു പരീക്ഷണവും നേരിടാന്‍ സന്നദ്ധരായിരിക്കണം .ഇല്ലെങ്കില്‍ ,യൂ ആര്‍ നോട്ട് ഗുഡ് ഇനഫ് ടു പ്‌ളേ ടെസ്റ്റ് ക്രിക്കറ്റ് ..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like