ഏറ്റവും പരിഹാസ്യമായത് ഇന്ത്യയുടെ ദേശീയ ഗാനം, ഇംഗ്ലീഷ് താരം വിവാദത്തില്‍

എട്ടുവര്‍ഷം മുമ്പ് നടത്തിയ വംശീയ അധിക്ഷേപത്തിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ഓലി റോബിന്‍സന് പകരക്കാരനെ നിശ്ചയിച്ച് വെട്ടിലായിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. പകരക്കാരനായി ഇംഗ്ലണ്ട് ടീമിലേക്ക് വിളിയെത്തിയത് ഡോം ബെസിലും സമാനമായ രീതിയില്‍ നേരത്തെ വംശീയ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പരതി കണ്ടെത്തിയിരിക്കുന്നത്.
ഇംഗ്ലണ്ട് ടീമില്‍ കളിക്കാന്‍ വിളിയെത്തിയതോടെ ഡോം ബെസ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. ഇതോടെ ക്രിക്കറ്റ് ആരാധകര്‍ താരത്തിന്റെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കുത്തിപ്പൊക്കി. ഇന്ത്യന്‍ താരങ്ങള്‍ക്കും ഇന്ത്യയ്ക്കുമെതിരെയാണ് ബെസിന്റെ അധിക്ഷേപം എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ബെസ് 2013ലെ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ദേശീയ ഗാനം ചൊല്ലാനായി എത്തിയ ഇന്ത്യന്‍ ടീമിനെ അവഹേളിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ഇന്ത്യന്‍ ദേശീയ ഗാനത്തെ അവഹേളിക്കുന്ന കുറിപ്പും അന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. ‘ഏറ്റവും പരിഹാസ്യമായ ദേശീയ ഗാനം’ എന്നാണ് താരം ഇന്ത്യന്‍ ദേശീയ ഗാനത്തെ പറഞ്ഞത്.
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ കളിയാക്കുന്ന തരത്തില്‍ ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്. കളിക്കിടെ ബാറ്റ് മാറ്റാനായി ഒരുങ്ങുന്ന ധോണിയുടെ ചിത്രം പങ്കിട്ടായിരുന്നു പരിഹാസം. ‘നിങ്ങള്‍ക്ക് കളിക്കാന്‍ എത്ര ബാറ്റുകള്‍ വേണം’. ‘ധോണി’ എന്നും ‘വിഡ്ഢി’ എന്നും ഹാഷ്ടാഗിട്ടായിരുന്നു ഈ ചിത്രം പങ്കിട്ടത്.
ഇതോടെ ബെസിനെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഉയരുന്നത്. ഡോം ബെസിനെതിരെയും നടപടിയെടുക്കണമെന്നാണ് ആരാധകര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുന്നത്. എന്തായാലും ഡോം ബെസിന്റെ കാര്യവും ഏതാണ്ട് തീരുമാനമായി എന്നാണ് ആരാധകര്‍ പറയുന്നത്. ചിലര്‍ ഇപ്പോള്‍ തന്നെ താരത്തിന് ഗുഡ്‌ബൈ പറഞ്ഞു കഴിഞ്ഞു.