പിച്ചില്‍ കൗതുകം ഒളിപിച്ച് ബിസിസിഐ, ഇംഗ്ലണ്ട് തലപുകയ്ക്കുന്നു

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ ബിസിസിഐ ഒരുക്കുന്നത് രണ്ട് തരം പിച്ചുകള്‍. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തിനായിട്ടാണ് രണ്ട് സ്വഭാവമുള്ള പിച്ച് മൈതാനത്ത് ഒരുക്കുന്നത്. ഇത് ഏങ്ങനെ അനൂകൂലമാക്കിയെടുക്കാം എന്ന ചിന്തയിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം.

‘രണ്ട് തരത്തിലുള്ള പിച്ചുകള്‍ മൈതാനത്ത് തയ്യാറാണ്. അതില്‍ ഒരെണ്ണത്തില്‍ കറുത്ത കളറുള്ള മണ്ണാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പിച്ച് പേസര്‍മാരെ സഹായിക്കും. എക്സ്ട്രാ പേസും ബൗണ്‍സും ഇവിടെ ലഭിക്കും. രണ്ടാമത്തെ പിച്ച് തയ്യാറാക്കിയിരിക്കുന്നത് ചുവന്ന മണ്ണുകൊണ്ടാണ്. ഇത് സ്പിന്നര്‍മാരെ തുണയ്ക്കും. അവര്‍ക്ക് നല്ല ടേണും അല്‍പ്പം കൂടി ബൗണ്‍സും നല്‍കും. രണ്ടാം ടെസ്റ്റില്‍ ചെന്നൈയില്‍ ഉണ്ടായിരുന്ന പിച്ചിന് സമാനമായതാണ് ഈ പിച്ച്’ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗിക വൃത്തങ്ങളിലൊരാളെ ഉദ്ധരിച്ച് എബിപി ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ സ്പിന്നിന് അനുകൂലമായ പിച്ചിനൊപ്പമാവും മുന്നോട്ട് പോവുക. പേസിനെ തുണയ്ക്കുന്ന മൈതാനവുമായി കളിച്ചാല്‍ ഇന്ത്യക്ക് തിരിച്ചടി നേരിടാനുള്ള സാധ്യത കൂടുതലാണ്. കാരണം പിങ്ക് ബോളില്‍ ഇന്ത്യയെക്കാള്‍ കളിച്ച് പരിചയസമ്പത്ത് ഇംഗ്ലണ്ടിനുണ്ട്.

കൂടാതെ പന്തില്‍ നല്ല വേഗവും സ്വിങ്ങുമുള്ള ജെയിംസ് ആന്‍ഡേഴ്സന്‍ ഇംഗ്ലണ്ടിനൊപ്പമുള്ളതിനാല്‍ ഇന്ത്യ പേസ് പിച്ച് തിരഞ്ഞെടുക്കാന്‍ സാധ്യത കുറവാണ്.

ഈ മാസം 24നാണ് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും ഓരോ ജയങ്ങള്‍ വീതം നേടി തുല്യത പുലര്‍ത്തുകയാണ്. 2012ന് ശേഷം മൊട്ടേറയില്‍ നടക്കുന്ന ആദ്യ മത്സരമാണിത്.

You Might Also Like