ദയനീയം ലങ്ക, 150ാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി റൂട്ട്, കൂറ്റന്‍ ജയം

Image 3
CricketTeam India

ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ശ്രീലങ്കക്ക് വന്‍ തോല്‍വി. 15.1 ഓവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 42.3 ഓവറില്‍ 185 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 34.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.

150ാം ഏകദിന മത്സരം കളിയ്ക്കുന്ന ജോറൂട്ടിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. 79 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ടിനൊപ്പം 43 റണ്‍സുമായി ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോയും തിളങ്ങി. മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല.

ഓപ്പണിംഗ് വിക്കറ്റില്‍ 54 റണ്‍സെടുത്തശേഷം 80-4ലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തിയെങ്കിലും റൂട്ടിന്റെ പോരാട്ടം അവരെ വിജയത്തിലെത്തിച്ചു. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍(6), ലിവിം?ഗ്സ്റ്റമ്(9), ബില്ലിം?ഗ്‌സ് എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ റൂട്ടിന് മികച്ച പിന്തുണ നല്‍കിയ മോയിന്‍ അലി(28) നിര്‍ണായക കൂട്ടുകെട്ടില്‍ പങ്കാളിയായി ഇംഗ്ലണ്ടിനെ കരകയറ്റി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലങ്കയെ നാല് വിക്കറ്റ് നേടിയ ക്രിസ് വോക്സാണ് എറിഞ്ഞിട്ടത്. ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് നേടി. കുശാല്‍ പെരേര (74), വാനിഡു ഹസരങ്ക (54) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ചമീര കരുണാരത്നെയാണ് (19) രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്സ്മാന്‍. 145-3 എന്ന മികച്ച നിലയില്‍ നിന്നാണ് അവസാന ഏഴ് വിക്കറ്റുകള്‍ വെറും 40 റണ്‍സിന് നഷ്ടമാക്കി ലങ്ക 185 റണ്‍സിന് ഓള്‍ ഔട്ടായത്.

പതും നിസങ്ക (5), ചരിത് അസലങ്ക (0), ദസുന്‍ ഷനക (1), ധനഞ്ജയ ലക്ഷന്‍ (2), രമേഷ് മെന്‍ഡിസ് (1), ബിനുര ഫെര്‍ണാണ്ടോ (2), ദുഷ്മന്ത ചമീര (7), പ്രവീണ്‍ ജയവിക്രമ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.