മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളുകൾ, കോപ്പ അമേരിക്കയുടെ താരമാകാൻ എൻഡ്രിക്ക്

Image 3
Football News

2019ലെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിന് ശേഷം ലോകഫുട്ബോളിൽ ബ്രസീലിനു അത്ര നല്ല കാലമായിരുന്നില്ല. അതിനു ശേഷം 2021ൽ നടന്ന കോപ്പ അമേരിക്കയിൽ സ്വന്തം നാട്ടിൽ അർജന്റീനയോട് തോൽവി വഴങ്ങുകയും 2022 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്താവുകയും ചെയ്‌തു. അർജന്റീനയുടെ കുതിപ്പ് ബ്രസീലിനെതിരെയുള്ള വിമർശനങ്ങളും ശക്തമാക്കി.

ഈ മാസം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയിൽ ബ്രസീൽ സ്‌ക്വാഡ് വലിയ അഴിച്ചുപണികൾക്ക് വിധേയമായിട്ടുണ്ട്. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് സ്‌ക്വാഡ് ഒരുക്കിയിരിക്കുന്നത് എന്നതിനാൽ തന്നെ കിരീടം നേടുമെന്ന പ്രതീക്ഷ ആരാധകർക്ക് കുറവായിരുന്നു. എന്നാൽ തങ്ങളുടെ കരുത്തിനു യാതൊരു കുറവുമില്ലെന്ന് ബ്രസീൽ തെളിയിച്ചു കഴിഞ്ഞു.

കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ വജ്രായുധമാകാൻ കഴിയുമെന്ന് തെളിയിച്ച് യുവതാരം എൻഡ്രിക്ക് തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ബ്രസീലിനു വേണ്ടി അരങ്ങേറ്റം നടത്തിയതിനു ശേഷം മൂന്നു മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ താരം മൂന്നിലും ഗോൾ സ്വന്തമാക്കി. ഇംഗ്ലണ്ട്, സ്പെയിൻ, മെക്‌സിക്കോ എന്നീ വമ്പൻ ടീമുകൾക്കെതിരെയാണ് എൻഡ്രിക്ക് ഗോൾ കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്.

എൻഡ്രിക്കിന്റെ തകർപ്പൻ പ്രകടനം ബ്രസീലിന്റെ പ്രതീക്ഷകളെ വര്ധിപ്പിക്കുന്നുണ്ട്. കോപ്പ അമേരിക്കയിലെ ടോപ് സ്കോററാകാനും ബ്രസീലിനു കിരീടം നേടിക്കൊടുക്കാനും തനിക്ക് കഴിയുമെന്ന് താരം തെളിയിക്കുന്നുണ്ട്. ഭാവിയിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനിരിക്കുന്ന താരത്തിന് വിനീഷ്യസുമായുള്ള ഒത്തിണക്കവും ബ്രസീൽ ടീമിന്റെ കരുത്ത് വർധിപ്പിക്കുന്ന കാര്യമാണ്.