ലൊബേര കഷ്ടിച്ച് രക്ഷപ്പെട്ടു, വിധി നിര്‍ണയിച്ചത് 92ാം മിനിറ്റില്‍

ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റിയ്ക്ക് ജയം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്തു പേരുമായായി കളിച്ച ഗോവയ്‌ക്കെതിരെ അവസാന മിനിറ്റില്‍ സ്വന്തമാക്കിയ പെനാള്‍റ്റി ഗോളാക്കി മാറ്റിയാണ് മുംബൈ സിറ്റി എഫ്‌സി കഷ്ടിച്ച് വിജയിച്ചത്.

ഇതോടെ സീസണിലെ ആദ്യ ജയം സ്വന്തം പേരില്‍ കുറിയ്ക്കാനും മുംബൈ സിറ്റിയ്ക്കായി. തുടക്കം മുതല്‍ ഫൗളുകളുടെ കുത്തരങ്ങായ മത്സരത്തിന്റെ 40ാം മിനിറ്റിലാണ് വിധി നിര്‍ണ്ണയിക്കപ്പെട്ട ചുവപ്പ് കാര്‍ഡ് പുറത്ത് വന്നത്. ഗോവന്‍ താരം റെഡീം തലാങ് ആണ് വളരെ അപകടം പിടിച്ച ഒരു ടാക്കിള്‍ നടത്തിയതിന് മത്സരത്തില്‍ നിന്നും പുറത്തായത്.

എന്നാല്‍ 10 പേരായി ചുരുങ്ങിയിട്ടും ആത്മവിശ്വാസം കൈവിടാതെ കളിച്ച ഗോവയ്ക്ക് നിര്‍ഭാഗ്യം കൊണ്ടാണ് ഗോളുകള്‍ പലതവണ നഷ്ടമായത്. കളി സമനിലയിലേക്ക് പോവുക ആണ് എന്ന് തോന്നിയ സമയത്താണ് അപ്രതീക്ഷിതമായി ഒരു പെനാള്‍ട്ടി മുംബൈയുടെ രക്ഷയ്ക്ക് എത്തി. 92ാം മിനുട്ടില്‍ ഒരു ഹാന്‍ഡ് ബോളിനായിരുന്നു പെനാള്‍ട്ടി ലഭിച്ചത്. പെനാള്‍ട്ടിയെടുത്ത ആദം ലെ ഫോണ്‍ഡ്രോ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ രണ്ട് മത്സരം പൂര്‍ത്തിയാക്കിയ മുംബൈ മൂന്ന് പോയന്റ് സ്വന്തമാക്കിയപ്പോള്‍ ഗോവയുടേത് ഒരു പോയന്റാണ്. ഏതായാലും തന്റെ മുന്‍ ക്ലബിനെതിരെ ജയം സ്വ്ന്തമാക്കാനായി എന്നതാണ് മുംബൈ സിറ്റി പരിശീലകന്‍ സെര്‍ജിയോ ലൊബേരയുടെ ഏക ആശ്വാസം.

You Might Also Like