അവന്റെ പ്രതികാരത്തില്‍ മെസി പൊട്ടിച്ചിരിച്ചിട്ടുണ്ടാകും, ഇനി അറിയാനുളളത് ആ രണ്ട് കാര്യങ്ങള്‍

തേഡ് ഐ – കമാല്‍ വരദൂര്‍

മെഗാ സുവാരസ്….
മാസങ്ങള്‍ക്ക് മുമ്പ് ബാര്‍സിലോണക്കാര്‍ പുറംന്തള്ളിയ താരമാണ് ലൂയിസ് സുവാരസ്.
റൊണാള്‍ഡ് കുമാന്‍ എന്ന ഡച്ചുകരാന്‍ കോച്ചായി വന്നപ്പോള്‍ ആദ്യം കണ്ടത് സുവാരസിനെ
താങ്കളുടെ സേവനം ഇനി ആവശ്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു.

അദ്ദേഹം ഉറ്റമിത്രം മെസിയോട് സങ്കടം പറഞ്ഞു…
മെസിയും പൊട്ടിത്തറിച്ചു
അങ്ങനെയെങ്കില്‍ താനും പോവുകയാണെന്ന് ഭീഷണി മുഴക്കി.
പക്ഷേ ജോസഫ് ബെര്‍തോമ എന്ന പ്രസിഡണ്ട്് മെസിയെ നിയമത്തില്‍ കുരുക്കി.
സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറി.

ഇതാ, എന്തൊരു പ്രതികാരം
ഇപ്പോള്‍ ആ സുവാരസിന്റെ കരുത്തില്‍ അത്ലറ്റികോ ലാലീഗ കിരീടം സ്വന്തമാക്കിയിരിക്കുന്നു
ഇന്നും നേടി അദ്ദേഹം ഗോള്‍
അതും കപ്പുറപ്പിച്ച ഗോള്‍.

ബ്യൂണസ് അയേഴ്സിലിരുന്ന് മെസി ചിരിക്കുന്നുണ്ടാവാം.
ബാര്‍സക്കാര്‍ നേരത്തെ തന്നെ പുറത്തായിരുന്നല്ലോ…
അതെ, അവര്‍ തന്നെ ചാമ്പ്യന്മാര്‍. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്പാനിഷ് ലാലീഗ കിരീടം അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി.

ഇന്ന് അവസാന ദിവസ പോരാട്ടത്തിലവര്‍ റയല്‍ വലഡോലിഡിനെ 2-1ന് തോല്‍പ്പിച്ചു. തുടക്കത്തില്‍ പിറകില്‍ പോയ അത്ലറ്റികോ കോറിയോ, സൂപ്പര്‍ താരം സുവാരസ് എന്നിവരുടെ ഗോളുകളിലാണ് തിരികെ വന്നത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞിരുന്നു അവസാന ദിവസത്തില്‍. ഒരേ സമയം നടക്കുന്ന മല്‍സരങ്ങളില്‍ ഹൈ ടെന്‍ഷന്‍. തുടക്കത്തില്‍ തന്നെ റയല്‍ വലഡോലിഡ് അത്ലറ്റികോ മാഡ്രിഡുകാരെ ഞെട്ടിച്ചു.

സ്വന്തം വേദിയില്‍ അവര്‍ സ്‌ക്കോര്‍ ചെയ്തതിന് തൊട്ട് പിറകെ റയല്‍ മാഡ്രിഡും പിറകിലായി. വില്ലാ റയലുകാര്‍ അപ്രതീക്ഷിതമായി ലീഡ് നേടി. ആദ്യ പകുതി പിരിയുമ്പോള്‍ ഞെട്ടിക്കുന്ന സ്‌ക്കോര്‍ലൈന്‍. ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോയും രണ്ടാം സ്ഥാനക്കാരായ റയലും പിറകില്‍. രണ്ടാം പകുതി തുടങ്ങിയതും റയല്‍ തിരികെ വന്നുവെന്ന് തോന്നി. കാസിമിറോ നല്‍കിയ പന്തില്‍ കരീം ബെന്‍സേമ വില്ലാ റയല്‍ ഗോള്‍ക്കീപ്പറെ പരാജയപ്പെടുത്തി. എന്നാല്‍ അസിസ്റ്റന്‍ഡ് റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. ഉടന്‍ വീഡിയോ റഫറിയുടെ ഇടപെടല്‍. തലനാരിഴക്ക് ബെന്‍സേമ ഓഫ്സൈഡ്. ഗോള്‍ അനുവദിച്ചില്ല.

സിദാനും റയലും നിരാശയില്‍. അടുത്ത നിമിഷം അത്ലറ്റികോ മാഡ്രിഡ് ഒപ്പമെത്തി. വലഡോലിഡിന്റെ വലയില്‍ ആഞ്ചലോ കോറിയ പന്ത് എത്തിച്ചു. അതോടെ ലൂയിസ് സുവാരസും സംഘവും ആശ്വാസം കൊണ്ട് തല ഉയര്‍ത്തി. പിറകെ വരുന്നു കിരീടം ഉറപ്പിച്ച സാക്ഷാല്‍ ലൂയിസ് സുവരാസ് ഗോള്‍. അവിടെയും ആവേശം തണുത്തില്ല. അവസാനത്തില്‍ വില്ലാ റയലിനെതിരെ രണ്ട് ഗോളുമായി റയല്‍ മാഡ്രിഡ് വിജയം നേടി. ബെന്‍സേമയും ലുക്കാ മോദ്രിച്ചുമായിരുന്നു സ്‌ക്കോറര്‍മാര്‍. പക്ഷേ കാര്യമുണ്ടായിരുന്നില്ല. ഇനി അറിയാനുള്ളത് രണ്ട് കാര്യം.

1- സിദാന്‍ റയയില്‍ തുടരുമോ….
2- മെസി ബാര്‍സയില്‍ തുടരുമോ….

കടപ്പാട്: ചന്ദ്രിക ദിനപത്രം

 

You Might Also Like