‘ഷറ്റോരി നല്ലൊരു കോച്ചായിരുന്നു, പക്ഷെ’ എല്‍ക്കോയെ പുറത്താക്കിയ സൂത്രധാരന്‍ പറയുന്നു
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ കോച്ച് എല്‍ക്കോ ഷറ്റോരിയെ പുറത്താക്കാനുളള തീരുമാനമെടുത്തതിന് ഏറെ പഴികേട്ട ആളാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. ലിത്വാനിയയില്‍ നിന്ന് സ്‌കിന്‍കിസിന്റെ വരവോടെയാണ് ഡച്ച് പരിശീലകനായ എല്‍കോ ഷറ്റോരിയെ പുറത്താക്കാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്.
എല്‍ക്കോയ്ക്ക കീഴിയില്‍ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനമാണ് മാനേജുമെന്റിനെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതില്‍ തന്റെ അതൃപ്തി രേഖപ്പെടുത്തിയാണ് ഷറ്റോരി ബ്ലാസ്റ്റേഴ്സ് വിട്ടത്.
ഒടുവില്‍ ഷറ്റോരിയെ പുറത്താക്കാനുളള തീരുമാനത്തെ കുറിച്ച് മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞതിങ്ങനെയാണ്.
‘കഴിഞ്ഞ സീസണിലെ എല്ലാ കളിയും ഞാന്‍ കണ്ടു. മുന്‍ കോച്ച് ഷാട്ടോരിയുടെ പ്രകടനം നല്ലതായിരുന്നു. അദ്ദേഹം പ്രഫഷനലാണ്. പക്ഷേ, പുതിയ ഒരു കോച്ചിനെ എടുക്കുക എന്ന സാഹചര്യത്തില്‍ എന്റെ മുന്നിലെത്തിയ ഓപ്ഷനുകളില്‍ എനിക്കു വിശ്വാസം തോന്നിയതു തിരഞ്ഞെടുത്തു. കിബു വിക്കൂന ആഴത്തില്‍ ഫുട്ബോള്‍ ജ്ഞാനമുള്ളയാളാണ്’ കരോളിസ് പറഞ്ഞ് നിര്‍ത്തി.
സ്പോട്ടിംഗ് ഡയറക്ടറുടെ ചുമതലകള്‍ എന്താണെന്നും അദ്ദേഹം വിശദമാക്കി. ‘ക്ലബ്ബിലെ കായികസംബന്ധിയായ സകല കാര്യങ്ങളും. പരിശീലകര്‍, കളിക്കാര്‍ എന്നിവരുടെ റിക്രൂട്മെന്റ്. പുതു താരങ്ങളെയും കുരുന്നുപ്രതിഭകളെയും കണ്ടെത്തല്‍. യൂത്ത് ഡവലപ്മെന്റ്. ഇവയെല്ലാം ക്ലബ് ഉടമകളുമായി ബന്ധിപ്പിക്കുന്നതു സ്പോര്‍ട്ടിങ് ഡയറക്ടറാണ്. ലളിതമാക്കാം: റിസല്‍റ്റ് ഉണ്ടാക്കിയില്ലെങ്കില്‍, കാര്യങ്ങള്‍ വേണ്ടവിധം മുന്നോട്ടുപോയില്ലെങ്കില്‍ ഉത്തരം പറയേണ്ടയാള്‍.’ കരോളിസ് പറഞ്ഞ് നിര്‍ത്തി.