ത്രികോണമത്സരവുമായി ലാലിഗകിരീടപോരാട്ടം, നിർണായക എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡ് ഇന്ന്‌ ബാഴ്സയ്ക്കെതിരെ

ഫുട്ബോൾലോകം എല്ലായ്പോഴും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളിലൊന്നാണ് ലാലിഗവമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സയും ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ. ലാലിഗയിൽ ആരു മുന്നിലെത്തുമെന്നു പ്രവചിക്കാനാവാത്ത ത്രികോണ മത്സരമാണ് ഇത്തവണത്തെ എൽ ക്ലാസിക്കോക്ക് പുതിയ മാനം നൽകുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാമനായ അത്ലറ്റിക്കോ മാഡ്രിഡിനു വെറും ഒരു പോയിന്റു പിറകിലുള്ള ബാഴ്സലോണയും ബാഴ്‌സലോണയ്ക്ക് രണ്ടു പോയിന്റ് പിറകിലുള്ള റയൽ മാഡ്രിഡുമാണ് ഇത്തവണ ഏറ്റുമുട്ടാനൊരുങ്ങുന്നതെന്നത് ക്ലാസിക്കോയെ കൂടുതൽ ആവേശകരമാക്കുന്നുണ്ട്.

റയൽ മാഡ്രിഡിന്റെ ഭാഗത്തു നിന്നും ക്യാപ്റ്റൻ റാമോസിനെയും റാഫേൽ വരാനെയും നഷ്ടമായത് വലിയ തിരിച്ചടിയായെങ്കിലും ലിവർപൂളിനെതിരായ മികച്ച വിജയം താരങ്ങൾക്ക് വലിയ ഊർജം നൽകിയിട്ടുണ്ട്. മുന്നേറ്റത്തിൽ വിനിഷ്യസ് ജൂനിയർ ഗോളുകൾ കൂടി കണ്ടെത്താൻ തുടങ്ങിയതോടെ ബാഴ്‌സയെ നേരിടാൻ മികച്ച ആത്മവിശ്വാസം റയലിനു കൈവന്നിട്ടുണ്ട്.റയൽ മാഡ്രിഡിന്റെ തട്ടകമായ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

കഴിഞ്ഞ 12 മത്സരങ്ങളിൽ അപരാജിതരായി മുന്നേറുകയാണ് റയൽ മാഡ്രിഡ്‌. കൂമാനു കീഴിൽ കഴിഞ്ഞ 19 മത്സരങ്ങൾ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്‌സ ഇന്ന്‌ റയലിനെ നേരിടാനൊരുങ്ങുന്നത്. ഒരു തോൽവി രുചിച്ചാലും റയലിനു ബാഴ്സയെക്കാൾ ഒരു പോയിന്റ് വ്യത്യാസത്തിലേ മുന്നിലെത്താനാവുകയുള്ളൂ. അത്ലറ്റിക്കോക്കെതിരായ മത്സരത്തിൽ അപ്പോൾ വിജയം അനിവാര്യമായിരിക്കും. എല്ലാറ്റിനും പുറമെ ചിരവൈരികളായ രണ്ടു ടീമുകൾ തമ്മിലുള്ള മത്സരത്തിന്റെ വിജയം ഉറപ്പിക്കാൻ തന്നെയായിരിക്കും ഇരു ടീമുകളുടെയും ശ്രമം.

സാധ്യതാ ഇലവൻ

റയൽ മാഡ്രിഡ്‌ : തിബോട് കോർട്‌വാ, ലൂക്കാസ് വാസ്‌കസ്,എഡർ മിലിറ്റവോ,നാച്ചോ, മെൻഡി, മോഡ്രിച്ച്, കാസമിരോ, ക്രൂസ്, അസെൻസിയോ, ബെൻസമ, വിനിഷ്യസ്

ബാഴ്സലോണ: ടെർ സ്റ്റേഗൻ, അറോഹോ, ഡിയോങ്, ലെങ്ലറ്റ്, ഡെസ്റ്റ്, ബുസ്കെറ്റ്സ്, പെഡ്രി, ആൽബ, മെസി, ഡെമ്പെലെ, ഗ്രീസ്മാൻ.

You Might Also Like