നിയമം പാലിക്കാന്‍ പറ്റാത്തവര്‍ ടീം ഇന്ത്യയില്‍ നിന്ന് പുറത്ത് പോകട്ടെ, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ അതത് ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അനുസരിക്കാന്‍ സാധിക്കാത്തവര്‍ ഇന്ത്യന്‍ ടീം വിട്ട് മാറിനില്‍ക്കട്ടെയെന്ന് പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബ്രിസ്‌ബേനിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി വീണ്ടും 14 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ വിസമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മഞ്ജരേക്കറുടെ പരിഹാസം.

‘ഇക്കാര്യത്തില്‍ സങ്കീര്‍ണമായി പ്രത്യേകിച്ചൊന്നുമില്ല. താല്‍പര്യമില്ലാത്തവര്‍ ടീമിനു പുറത്തുപോകുക. ടീമില്‍ തുടരുന്നെങ്കില്‍ ബയോ സെക്യുര്‍ ബബ്‌ളും മറ്റ് കോവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുക. രണ്ടും കൂടി ഒരുമിച്ച് സാധ്യമല്ല’ മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

അതെസമയം ക്വാറന്റീന്‍ നിയമത്തില്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍നിന്ന് ഇന്ത്യ പിന്‍മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നിലവിലെ കോവിഡ് സാഹചര്യത്തില്‍, ബ്രിസ്‌ബെയ്‌നിലെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശമാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഓസ്‌ട്രേലിയയില്‍ വന്നയുടന്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞതിനാല്‍ ഇനിയൊരിക്കല്‍ക്കൂടി ക്വാറന്റീന്‍ പറ്റില്ലെന്നാണ് ഇന്ത്യന്‍ ടീമിന്റെ നിലപാടെന്നാണ് സൂചന.

അതിനിടെ, നിയമങ്ങള്‍ അനുസരിക്കാന്‍ തയാറല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബ്രിസ്‌ബേനിലേക്കു വരേണ്ടതില്ലെന്ന ക്വീന്‍സ്‌ലാന്‍ഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്‌സ് എംപിയുടെ പ്രഖ്യാപനം വിവാദമായിരുന്നു. ഇതോടെയാണ് ബിസിസിഐയും കടുത്ത നടപടികളിലേക്ക് മാറുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിച്ഛായയ്ക്ക് ഭംഗമേല്‍പ്പിക്കുന്നതാണ് ക്വീന്‍സ്‌ലാന്‍ഡ് മന്ത്രിയുടെ പരാമര്‍ശമെന്ന് ബിസിസിഐ വിലയിരുത്തല്‍.

നിലവില്‍ പരമ്പര 1-1ന് ഇരുടീമുകളും സമനിലയിലാണ്. സിഡ്‌നിയില്‍ ഈ മാസം ആറിനാണ് അടുത്ത മത്സരം ആരംഭിക്കുന്നത്.

You Might Also Like