പുതിയ ക്രിക്കറ്റ് ലീഗ്, സമയക്രമം പ്രഖ്യാപിച്ചു, സൂപ്പര്‍ താരങ്ങള്‍ കളിക്കും

ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ ആരാധകരെ സൃഷ്ടിച്ച അബുദാബി ടി10 ലീഗിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. ടൂര്‍മെന്റിന്റെ നാലാം എഡിഷനാണ് ഈ മാസം അവസാനം തുടക്കമാവുന്നത്. ജനുവരി 28 മുതല്‍ ഫെബ്രുവരി ആറ് വരെയായിരിക്കും ടൂര്‍ണമെന്റ്.

ഐപിഎല്ലിനു സമാനമായി എട്ടു ഫ്രാഞ്ചൈസികള്‍ തന്നെയാണ് ഇത്തവണയും ടി10 ലീഗില്‍ അണിനിരക്കുന്നത്. നാലു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്നു സീസണുകളിലെയും ടി10 ലീഗ് വലിയ വിജയമായി മാറിയിരുന്നു. ഗ്രൂപ്പ് എയില്‍ മറാത്ത അറേബ്യന്‍സ്, നോര്‍ത്തേണ്‍ വാരിയേഴ്സ്, ബംഗ്ലാ ടൈഗേഴ്സ്, ഡല്‍ബി ബുള്‍സ് എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ഡെക്കാന്‍ ക്വലന്ദേഴ്സ്, ടീം അബുദാബി, ദി ഗ്ലാഡിയേറ്റേഴ്സ്, പൂനെ ഡെവിള്‍സ് എന്നിവരും കളിക്കും.

ലോക ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നമെന്ന് ഉറപ്പായിട്ടുണ്ട്. പാകിസ്താന്റെ ഷുഐബ് മാലിക്ക്, വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാന്‍, ഡ്വയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍, ക്രിസ് ഗെയില്‍ ശ്രീലങ്കയുടെ തിസാര പെരേര എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.

നിലവിലെ ജേതാക്കളായ മറാത്ത അറേബ്യന്‍സും നോര്‍ത്തേണ്‍ വാരിയേഴ്സും തമ്മിലാണ് ജനുവരി 28ലെ ഉദ്ഘാടന മല്‍സരം. ഇതേ ദിവസം നടക്കുന്ന രണ്ടാമത്തെ കളിയില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സും പൂനെ ഡെവിള്‍സും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഓരോ ടീമിനും മൂന്നു മല്‍സരങ്ങള്‍ വീതമാണുള്ളത്. രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ നാലു വരെയാണ്. പ്ലേഓഫ്, ഫൈനല്‍ എന്നിവ അഞ്ച്, ആറ് തിയ്യതികളിലായിരിക്കും.

ഷാഹിദ് അഫ്രീഡി (ഡെക്കാന്‍ ക്വലന്ദേഴ്സ്), ക്രിസ് ഗെയ്ല്‍ (ടീം അബുദാബി), സുനില്‍ നരെയ്ന്‍ (ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സ്), തിസാര പെരേര (പൂനെ ഡെവിള്‍സ്), ഡ്വയ്ന്‍ ബ്രാവോ (ഡല്‍ഹി ബുള്‍സ്), ഇസുരു ഉദാന (ബംഗ്ലാ ടൈഗേഴ്സ്), ഷുഐബ് മാലിക്ക് (മറാത്ത അറേബ്യന്‍സ്), നിക്കോളാസ് പുരാന്‍ (നോര്‍ത്തേണ്‍ വാരിയേഴ്സ്) എന്നിവരാണ് എട്ടു ഫ്രാഞ്ചൈസികളുടെ മാര്‍ക്ക്വി താരങ്ങള്‍.

You Might Also Like