ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ ഷറ്റോരിയോ? പ്രതികരിച്ച് സ്‌കിന്‍കിസ്

ഐഎസ്എല്ലിലെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകന്‍ ആരാകും എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ഏഴാം സീസണില്‍ വലിയ പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായെത്തിയ സ്പാനിഷ് കോച്ച് കിബു വികൂന തികച്ചും നിരാശപ്പെടുത്തുന്ന കാഴ്ച്ചയാണ് കണ്ടത്.

ഇതോടെ സീസണിന്റെ മുക്കാല്‍ ഭാഗം പിന്നിട്ടപ്പോഴേക്കും രണ്ട് വര്‍ഷത്തെ കരാറുണ്ടായിരുന്ന വികൂനയെ ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കുകയായിരുന്നു. ഇതോടെ ഏട്ടാം സീസണില്‍ ആരാകും ബ്ലാസ്‌റ്റേഴ്‌സ് കോച്ചെന്ന് ഉച്ചുനോക്കുകയാണ് ഫുട്‌ബോള്‍ ലോകം.

അതിനിടെ മുന്‍ ബ്രസീല്‍ പരിശീലകന്‍ ഫിലിപ്പ് സ്‌കൊളാരിയുടെ പേര് വരെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ആരാധകര്‍ ഏറ്റവും അധികം സാധ്യത കല്‍പിക്കുന്നത് ആറാം സീസണിലെ ടീമിന്റെ മുഖ്യപരിശീലകനായിരുന്ന ഡച്ച് കോച്ച് എല്‍കോ ഷട്ടോരിയെയാണ്.

കഴിഞ്ഞ ദിവസം ഐഎസ്എല്‍ ഒഫീഷ്യല്‍ വെബ് സൈറ്റിന് അനുവദിച്ച അഭിമുഖത്തില്‍ ബ്ലാ്‌സ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.

നിലവില്‍ ടീമിനായി മികച്ച ഒരു പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഒരു പേരും ഇപ്പോള്‍ പുറത്തുപറയാന്‍ താല്പര്യപ്പെടുന്നുമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. എല്‍കോ ഷട്ടോരി ടീമിലേക്ക് മടങ്ങുന്നുണ്ടോ ഇല്ലയോ എന്നത് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

You Might Also Like