ഇരട്ടഗോളുകളുമായി വലൻസിയ, ലാറ്റിനമേരിക്കൻ കരുത്തിനു മുന്നിൽ തകർന്ന് ഖത്തർ

ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ നിലം തൊടാതെ പറപ്പിച്ച് ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോർ. നായകനും തുർക്കിഷ് ക്ലബായ ഗലാത്സരെ താരവുമായ എന്നർ വലൻസിയ നേടിയ രണ്ടു ഗോളുകളിലാണ് ഇക്വഡോർ വിജയം നേടിയത്. മത്സരത്തിൽ സമ്പൂർണമായ ആധിപത്യം സ്ഥാപിച്ച ഇക്വഡോർ സ്വന്തം കാണികളുടെ മുന്നിൽ ഖത്തറിന് യാതൊരു അവസരവും നൽകിയില്ല. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ കരുത്ത് വ്യക്തമാക്കുന്നതായിരുന്നു ഇക്വഡോറിന്റെ പ്രകടനം.

മത്സരത്തിന്റെ ആദ്യപകുതി പൂർണമായും ഇക്വഡോറിന് അവകാശപ്പെട്ടതായിരുന്നു. ഗ്യാലറിയിൽ ആരാധകരുടെ പിന്തുണയുണ്ടായിട്ടും ഖത്തറിന് മുന്നേറാൻ യാതൊരു അവസരവും നൽകാതിരുന്ന ലാറ്റിനമേരിക്കൻ ടീം അടിക്കടി മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു. നാലാം മിനുട്ടിൽ തന്നെ നായകൻ ഇന്നർ വലൻസിയയിലൂടെ ആദ്യ ഗോൾ നേടിയെങ്കിലും വീഡിയോ റഫറി അത് ഓഫ്‌സൈഡ് വിധിച്ചത് ഖത്തറിന് ആശ്വാസമായി. എന്നാൽ ഖത്തറിന്റെആശ്വാസത്തിന് ഏതാനും മിനുട്ടുകൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.

പതിനാറാം മിനുട്ടിൽ പെനാൽറ്റിയിലൂടെ എന്നർ വലൻസിയ ഇക്വഡോറിനെ മുന്നിലെത്തിച്ചു. ഇക്വഡോറിന്റെ ഒരു മുന്നേറ്റത്തിനൊടുവിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച വലൻസിയയെ ഖത്തർ ഗോൾകീപ്പർ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. വലൻസിയ അതൊരു പിഴവും കൂടാതെ വലയിൽ എത്തിക്കുകയും ചെയ്‌തു. അതിനു ശേഷം ഏഞ്ചെലോ പ്രെസിയാഡോ നൽകിയ മനോഹരമായൊരു ക്രോസിൽ തകർപ്പൻ ഹെഡറിലൂടെ വലൻസിയ ഇക്വഡോറിന്റെ ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ നടത്തിയ ഒരു ഗോൾശ്രമം ഒഴിച്ച് നിർത്തിയാൽ ആദ്യ പകുതിയിൽ ഖത്തർ ഉണ്ടായിരുന്നതേയില്ല.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ തിരിച്ചു വരാനുള്ള ശ്രമങ്ങൾ ഖത്തറിന്റെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും ഇക്വഡോർ അതിനെ സമർത്ഥമായി കെടുത്തിക്കളഞ്ഞു. ഇക്വഡോറിനു ഭീഷണിയാകുന്ന യാതൊരു നീക്കവും ഖത്തറിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. എന്നാൽ കൃത്യമായ ഇടവേളകളിൽ ഇക്വഡോർ ഖത്തർ ഗോൾമുഖത്ത് ആക്രമണങ്ങൾ നടത്തി. അതിൽ ഗോൾ വഴങ്ങാതെ ഖത്തർ പിടിച്ചു നിന്നത് ഇക്വഡോർ താരങ്ങളുടെ ലക്‌ഷ്യം തെറ്റിയതു കൊണ്ട് മാത്രമാണ്.

ഒത്തിണക്കമുള്ള പ്രകടനം കൊണ്ട് ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരം മുഴുവനും തങ്ങളുടേതാക്കി മാറ്റാൻ ഇക്വഡോറിനു കഴിഞ്ഞു. നായകൻ എന്നർ വലൻസിയയുടെ പരിചയസമ്പത്ത് ഇക്വഡോർ ടീമിനെ വളരെയധികം സഹായിക്കുകയുണ്ടായി. നെതർലാൻഡ്‌സ്, സെനഗൽ എന്നീ ടീമുകളാണ് ഇനി ഗ്രൂപ്പിൽ ഉള്ളതെന്നതിനാൽ ഖത്തറിന് പ്രീ ക്വാർട്ടർ യോഗ്യത വളരെ ബുദ്ധിമുട്ടാകുമെന്നുറപ്പാണ്.

You Might Also Like