സര്‍പ്രൈസ് നീക്കവുമായി ദ്രാവിഡ്, ഇന്ത്യയുടെ ബദ്ധവൈരികളുടെ ഹെഡ് കോച്ചാകുന്നു
ഇന്ത്യയുടെ മുന്‍ നായകനും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് എത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ പരിശീലകന്‍ മാത്യു മോട്ട് രാജിവച്ച ഒഴിവിലേക്കാണ് ദ്രാവിഡിനേയും ഇംഗ്ലണ്ട് പരിഗണിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ ഒന്നാണ് ദ്രാവിഡിന്റേത്.
സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോര്‍ഗന്‍ പറഞ്ഞു, ‘എന്റെ അഭിപ്രായത്തില്‍ രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിംഗ്, സ്റ്റീഫന്‍ ഫ്‌ലെമിംഗ്, ബ്രെന്‍ഡന്‍ മക്കല്ലം എന്നിവര്‍ ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് അനുയോജ്യരാണ്. നിലവിലെ മികച്ച പരിശീലകരില്‍ ഒരാളായ ബ്രെന്‍ഡന്‍ മക്കല്ലം ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലകനാകാനും യോഗ്യനാണ്.’ മോര്‍ഗണ്‍ പറഞ്ഞു.
‘ഇംഗ്ലണ്ട് യുവതാരങ്ങളുടെ കരുത്തുള്ള മികച്ച ടീമാണ്. അതിനാല്‍ പരിശീലക സ്ഥാനത്തേക്ക് ലോകോത്തര നിലവാരമുള്ള ഒരാളെ തന്നെ കണ്ടെത്തണം’ മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
അതെസമയം ദ്രാവിഡിനെ ഐപിഎല്‍ ടീമുകളും സമീപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ ദ്രാവിഡിനെ പരിശീലകനാക്കാന്‍ ശ്രമിക്കുന്നതായി അറിയുന്നു.
ഏകദിന, ട്വന്റി20 ലോകകപ്പുകളിലെ തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്നാണ് മാത്യു മോട്ട് ഇംഗ്ലണ്ട് പരിശീലക സ്ഥാനം രാജിവച്ചത്. 2022ല്‍ ഇംഗ്ലണ്ടിനെ ട്വന്റി20 ലോകകിരീടത്തിലേക്ക് നയിച്ച മോട്ടിന് കരാര്‍ കാലാവധി ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ടായിരുന്നു.
ദ്രാവിഡ് ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായാല്‍ ആ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനാകും. ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാരയുടെ പേരും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്