നിഷേധിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്, പ്ലാന്‍ ബി ബിസിസിഐ ഉപേക്ഷിച്ചോ

Image 3
CricketTeam India

ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. കൊവിഡ് കാല ക്രിക്കറ്റിനെപ്പറ്റിയാണ് ബിസിസിഐയുമായി സംസാരിച്ചതെന്നും ടെസ്റ്റ് പരമ്പര ചുരുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഇസിബി വക്താവിനെ ഉദ്ദരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക്ക്ബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മൂന്നായി ചുരുക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ട്.

”വ്യത്യസ്ത വിഷയങ്ങളില്‍ ഞങ്ങള്‍ ബിസിസിഐയുമായി സംസാരിച്ചു. കൊവിഡ് കാലത്തെ ബുദ്ധിമുട്ടുകളാണ് പ്രധാനമായും സംസാരിച്ചത്. പക്ഷേ, ടെസ്റ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ചര്‍ച്ചകള്‍ ഉണ്ടായില്ല. നേരത്തെ തീരുമാനിച്ചിരുന്നതുപോലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നടക്കും.”- ഇസിബി വക്താവ് പറഞ്ഞതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം കളിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ബിസിസിഐ വെട്ടിച്ചുരുക്കാനൊരുങ്ങുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സെപ്തംബറില്‍ നടക്കുന്ന ടി-20 ലോകകപ്പിനു മുന്‍പ് ഐപിഎല്‍ പൂര്‍ത്തിയാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കിയാല്‍ ഈ സമയത്തിനുള്ളില്‍ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നു.

വരുന്ന സീസണില്‍ പുതിയ രണ്ട് ഐപിഎല്‍ ടീമുകളെ കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് ബിസിസിഐ താത്കാലിക ബ്രേക്കിട്ടിരുന്നു. പുതിയ ടീമുകളെ അവതരിപ്പിക്കാന്‍ പറ്റിയ സമയം ഇതല്ലെന്നും നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന സീസണിന്റെ ഭാവി പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കൂ എന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.