മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍

Image 3
FootballISL

ഐഎസ്എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഒയ്‌നാം മിലാന്‍ സിംഗിനെ റാഞ്ചി കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. രണ്ട് വര്‍ഷത്തേയ്ക്കാണ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ മിലാന്‍ സിംഗിനെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിരിക്കുന്നത്. മെയ് 31ന് ശേഷമാകും മിലാന്‍ സിംഗ് ഈസ്റ്റ് ബംഗാളിനൊപ്പം ചേരുക.

ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന് വന്ന മിലാന്‍ സിംഗ് ഈസ്റ്റ് ബംഗാള്‍ അക്കാദമിയിലും പരിശിലിച്ചിട്ടുണ്ട്. അവിടെ നിന്നും പയ്‌ലന്‍ ആരോസില്‍ എത്തിയതോടെയാണ് പ്രെഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. ഐഎസ്എല്‍ ആദ്യ സീസണില്‍ ഷില്ലോംഗ് എഫ്‌സിയില്‍ നിന്നും ലോണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി മിലാന്‍ സിംഗ് ളിച്ചു. പിന്നീട് ഡല്‍ഹി ഡൈനാമോസിനായും ലോണില്‍ മിലന്‍ സിംഗ് ബൂട്ടണിഞ്ഞു.

2017 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായിട്ടായിരുന്നു മിലാന്‍സിംഗിന്റെ ആദ്യ ഐഎസ്എല്‍ സ്വതന്ത്ര കരാര്‍. 15 മത്സരങ്ങളാണ് ആ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി മിലാന്‍ സിംഗ് കളിച്ചത്. അവിടെ നിന്നും മുംബൈ സിറ്റിയിലെത്തിയ താരം കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനായും കളിച്ചു.

ഇന്ത്യയ്ക്കായി ഒരു മത്സരവും ഈ 28കാരന്‍ കളിച്ചിട്ടുണ്ട്. 2017ല്‍ കബോഡിയക്കെതിരെയാണ് ദേശീയ ടീമിനായി മിലന്‍ സിംഗ് അരങ്ങേറിയത്.

അതെസമയം ഈസ്റ്റ് ബംഗാളിന് അടുത്ത സീസണില്‍ ഐഎസ്എല്‍ കളിക്കാനാകില്ലെന്നാണ് സൂചന. കോവിഡ് കാരണം അടുത്ത വര്‍ഷം ഐഎസ്എല്‍ ടീമുകളെ വര്‍ധിപ്പിക്കേണ്ടെന്നാണ് എഐഎഫ്എഫ് നിലപാടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.