ഐഎസ്എല്‍ മസാല ലീഗ്, രൂക്ഷ വിമര്‍ശനവുമായി ഈസ്റ്റ് ബംഗാള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ ക്ലബ്. ഐഎസഎല്‍ മസാല ലീഗാണെന്നും വ്യക്തിപരമായി ഐഎസ്എല്ലിന്റെ ഭാഗമാകാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഈസ്റ്റ് ബംഗാള്‍ ജനറല്‍ സെക്രട്ടറി ശാന്തി രാജന്‍ ദാസ് ഗുപ്ത തുറന്ന് പറയുന്നു.
‘ ഐഎസ്എല്‍ ഞങ്ങള്‍ കളിയ്ക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പോസിറ്റീവായ മറുപടി പറയാന്‍ എനിയ്ക്ക് കഴിയില്ല. എന്തുകൊണ്ടെന്നാല്‍ ലോക്ഡൗണ്‍ കാര്യങ്ങളെ എല്ലാം തകിടം മറിയ്ക്കുന്നു. ഞങ്ങള്‍ ഐഎസ്എല്ലിന്റെ ഭാഗമാകാന്‍ പരിശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ ഈ നിമിഷത്തില്‍ ഇപ്പോഴും പറയാനാകില്ല ഞങ്ങള്‍ ഐഎസ്എല്‍ കളിയ്ക്കുമോയെന്നത്. എന്നോട് വ്യക്തിപരമായിട്ടാണ് ഈ ചോദ്യമെങ്കില്‍ എനിയ്ക്ക് പറയാനുള്ളത് ഐഎസ്എല്‍ കളിയ്ക്കാന്‍ എനിയ്ക്ക് ഇഷ്ടമില്ല എന്നാണ്’ ദാസ് ഗുപ്ത പറയുന്നു.
ഐഎസ്എല്ലിനെ കുറിച്ച് ദാസ് ഗുപ്ത പറയുന്ന വിമര്‍ശനങ്ങള്‍ ഇതാണ്. ‘ഐഎസ്എല്‍ ഒരിക്കലും ശരിയായ ലീഗല്ല. അതൊരു മസാല ലീഗാണ്. അവിടെ ടീമുകള്‍ക്ക് പ്രെമോഷനോ തരംരാഴ്ത്തലോ ഇല്ല’ അദ്ദേഹം പറഞ്ഞു. മലേഷ്യയില്‍ പോയി ഏഎഫ്‌സിയോടും ഫിഫ പ്രതിനിധിയോടും ഇതിനെ കുറിച്ച് സംസാരിച്ചെന്നും അഞ്ച് വര്‍ഷത്തിനുളളില്‍ സാഹചര്യങ്ങള്‍ മാറുമെന്ന് അവര്‍ വാക്ക് തന്നതായും ദാസ് ഗുപ്ത കൂട്ടിചേര്‍ത്തു.
ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഒന്നും സംഭാവന ചെയ്യുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രതിഭകളെ സംഭാവന ചെയ്യുന്നതില്‍ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനുമെല്ലാം വഹിച്ച പങ്കും ചൂണ്ടി കാണിയ്ക്കുന്നു. ഇന്ത്യയില്‍ ഫുട്‌ബോളിന്റെ പുരോഗതിയ്ക്ക് ഐഎസ്എല്ലിന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം തീര്‍ത്തു പറയുന്നു.
എന്നാല്‍ ദാസ് ഗുപ്തയുടെ ഈ പ്രതികരണത്തോട് മോഹന്‍ ബഗാന്‍ പ്രതിനിധി ദേബാശിഷ് ഗുപ്ത രൂക്ഷമായാണ് പ്രതികരിച്ചത്. ഈസ്റ്റ് ബംഗാളിന്റേത് കിട്ടാത്ത മുന്തിരി പുളിയ്ക്കും എന്ന നിലപാടാണെന്നും ഒരു വശത്ത് ഐഎസ്എല്ലിന്റെ ഭാഗമാകാന്‍ ശ്രമിയ്ക്കുകയും മറുവശത്ത് അതിനെ തള്ളി പറയുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും മോഹന്‍ ബഗാന്‍ ഫിനാന്‍ഷ്യല്‍ സെക്രട്ടറി കൂടിയായ ദേബാശിഷ് പറയുന്നു.