ബംഗാളില്‍ നിന്ന് സര്‍പ്രൈസ് നീക്കം, വമ്പന്‍മാര്‍ ഐഎസ്എല്ലിന് പുറത്തോ അകത്തോ?
അടുത്ത സീസണിലെ ഐഎസ്എല്ലില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ കൂടി പങ്കെടുക്കുമോയെന്ന ആരാധകരുടെ ആകാംക്ഷയ്ക്കിടെ നിര്‍ണ്ണായക നീക്കവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മമത ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലുമായി ടെലഫോണില്‍ സംസാരിച്ചു.
പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് കുറച്ച് ദിവസം മുമ്പ് മമതയും പ്രഫുല്‍ പട്ടേലും തമ്മില്‍ ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുതിര്‍ന്ന ഈസ്്റ്റ് ബംഗാള്‍ പ്രതിനിധി ദേബബ്രാത സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രി പ്രഫുല്‍ പട്ടേലുമായി സംസാരിച്ചെന്നും ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം സംബന്ധിച്ച് പോസിറ്റീവ് ആയി പരിഗണിയ്ക്കാമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതെസമയം അടുത്ത ഐഎസ്എല്ലില്‍ മോഹന്‍ ബഗാന്‍ കളിയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എടികെയുമായി ലയിച്ചാണ് ബഗാന്‍ ഐഎസ്എല്‍ കളിയ്ക്കാനൊരുങ്ങുന്നത്. എന്നാല്‍ ഈസ്റ്റ് ബംഗാളാകട്ടെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് അപേക്ഷ നല്‍കി കാത്തിരിയ്ക്കുകയാണ്. ഇതിനിടെയാണ് മമതയുടെ നിര്‍ണ്ണായക നീക്കം നടക്കുന്നത്.
ഈസ്റ്റ് ബംഗാളിനെ കൂടാതെ പഞ്ചാബ് എഫ്‌സിയും അടുത്ത ഐഎസ്എല്‍ കളിക്കാനായി അപേക്ഷ നല്‍കി കാത്തിരിയ്ക്കുന്ന ടീമാണ്. ഇരുവരുടേയും കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം പുറത്ത് വന്നിട്ടില്ല.