അവസാന കടമ്പയും കടന്ന് ഈസ്റ്റ് ബംഗാള്‍, ഐഎസ്എല്ലിന് തൊട്ടടുത്ത്

Image 3
FootballISL

ഐഎസ്എല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് അവസാന ചുവട് വെച്ച് കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. ഐഎസ്എല്‍ സംഘാടകരായ എഫ്.എസ്.ഡി.എല്ലിന് കഴിഞ്ഞ ദിവസം ബിഡ് സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി അവസാനിക്കാനിരിക്കെയാണ് നാടകീയമായി ഈസ്റ്റ് ബംഗാള്‍ ബിഡ് സമര്‍പ്പിച്ചത്.

ഇതോടെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈസ്റ്റ് ബംഗാള്‍ ഈ സീസണില്‍ തന്നെ ഐഎസ്എല്‍ കളിക്കുമെന്ന് ഉറപ്പായി. ഈസ്റ്റ് ബംഗാളിന്റെ പുതിയ ഇന്‍വെസ്റ്ററായ ശ്രീസിമന്റ് ആയിരുന്നു ബിഡ് ഡോകുമെന്റ് ഓണ്‍ലൈന്‍ വഴി കൈപറ്റിയതെങ്കിലും ബിഡ് സമര്‍പ്പിച്ചത് ഈസ്റ്റ് ബംഗാള്‍ എന്ന പേരിലാണ്.

ഇതോടെ ഈസ്റ്റ് ബംഗാളിന്റെ പേര് മാറില്ല എന്ന കാര്യത്തിലും ഉറപ്പ് കൈവന്നിരിക്കുകയാണ്. ഡല്‍ഹി, ലുധിയാന, അഹമ്മദാബാദ്, കൊല്‍ക്കത്ത, സില്ലിഗുരി, ഭോപ്പാല്‍ തുടങ്ങിയ ആറ് നഗരങ്ങളില്‍ നിന്നുമായിരുന്നു എഫ്.എസ്.ഡി.എല്‍ ബിഡ്ഡുകള്‍ ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ മാത്രമാണ് അപേക്ഷ നല്‍കിയത്.

സെപ്റ്റംബര്‍ അവസാനത്തോടെ ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ അവരുടെ ബദ്ധവൈരികളായ മോഹന്‍ ബഗാന്‍ ഐഎസ്എല്‍ പ്രവേശനം സാധ്യമാക്കിയത് ഐഎസ്എല്‍ ക്ലബായ എടികെയുമായി ലയിച്ചായിരുന്നു. ഇതോടെയാണ് എന്ത് വിലകൊടുത്തും ഐഎസ്എല്ലില്‍ പ്രവേശിക്കാന്‍ ഈസ്റ്റ് ബംഗാള്‍ നീക്കം നടത്തിയത്.