പൊട്ടിത്തെറിച്ച് ഇന്ത്യന്‍ സൂപ്പര്‍ ക്ലബ്, ‘ഇത് അനീതി, ഏകാധിപത്യം’

Image 3
Football

കോവിഡ് 19 മൂലം ഐലീഗ് പാതിവഴിയില്‍ ഉപേക്ഷിക്കാനുളള ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. ഫിഫ ഒരു ഫുട്‌ബോള്‍ ലീഗും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടില്ലെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റേത് ഇക്കാര്യത്തിലുളളത് ഏകധിപത്യ നിലപാടാണെന്നും ഈസ്റ്റ് ബംഗാള്‍ വക്താവ് ദേബബ്രത സര്‍ക്കാര്‍ ആരോപിക്കുന്നു.

ലീഗില്‍ ഒന്നാം സ്ഥാനക്കാര്‍ക്കൊഴികെ മറ്റുളളവര്‍ക്കെല്ലാം സമ്മാനത്തുക തുല്യമായി വീതിച്ച് നല്‍കാനുളള തീരുമാനമാണ് ഈസ്റ്റ് ബംഗാളിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതോടെ രണ്ടാം സ്ഥാനത്തെത്താന്‍ സാധ്യതയുളള ഈസ്റ്റ് ബംഗാളിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കിരീടം നേടിയ മോഹന്‍ ബഗാനെ അഭിനന്ദിക്കുന്നു. പക്ഷെ തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. എ ഐ എഫ് എഫിന്റെ തീരുമാനത്തിന് എതിരെ നിയമനടപി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും ദേബബ്രത സര്‍ക്കാര്‍ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഐലീഗ് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്. ലീഗില്‍ ഒന്നാം സ്ഥാനത്തുളള മോഹന്‍ ബഗാനെ വിജയിയായി പ്രഖ്യാപിക്കാനുമാണ് തീരുമാനം. ഇക്കാര്യത്തില്‍ യുവേഫയുടെ അന്തിമ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.