വിനീതിനടക്കം 9 ഇന്ത്യന്‍ താരങ്ങള്‍ക്ക് ദയാവധം വിധിച്ച് ഈസ്റ്റ് ബംഗാള്‍

ഐഎസ്എല്ലില്‍ മോശം പ്രകടനം നടത്തുന്ന ഈസ്റ്റ് ബംഗാള്‍ ചില കടുത്ത നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി സൂചന. ഒന്‍പത് ഇന്ത്യന്‍ താരങ്ങളെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ലോണിനയക്കാനാണ് ഈസ്റ്റ് ബംഗാള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളി താരം സികെ വിനീതും ലോണിലയക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഉള്‍പ്പെടും. വിനീതിനെ കൂടാതെ ബല്‍വന്ത് സിംഗ്, ഗുര്‍ത്തേജ് സിംഗ്, റഫീഖ് അലി സര്‍ദാര്‍, യൂജിന്‍സണ്‍ ലിംഗ്‌ദോ, സമദ് അലി മാലിക്ക്, അഭിഷേക് അംബേക്കര്‍, മുഹമ്മദ് ഇര്‍ഷാദ്, അനില്‍ ചവാന്‍ എന്നീ കളികാരെയാണ് ഈസ്റ്റ് ബംഗാള്‍ ലോണിനയക്കുന്നത്.

ഇതില്‍ ഗുര്‍ത്തേജ് സിംഗ്, ഗോള്‍കീപ്പര്‍ റഫീഖ് അലി സര്‍ദാര്‍ എന്നിവരെ ഐലീഗ് വമ്പന്‍മാരായ മുഹമ്മദനിലേക്കാണ് ലോണിനയക്കുന്നത്. ഇരുവരും ക്ലബിനൊപ്പം ചേര്‍ന്ന് കഴിഞ്ഞതായാണ് വിവരം.

മധ്യനിര താരമായ യൂജിന്‍സണ്‍ ലിംഗ്‌ദോ മറ്റൊരു ഐ എസ് എല്‍ ക്ലബ്ബിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷിക്കുന്ന 6 താരങ്ങള്‍ക്ക് ഇതു വരെ ക്ലബൊന്നും ആയിട്ടില്ല. ഇവര്‍ക്കായി ക്ലബ് തിരയുന്ന തിരക്കില്ലാണ് ഈസ്റ്റ് ബംഗാള്‍ മാനേജുമെന്റ്.

ലീഗില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ഈസ്റ്റ് ബംഗാളില്‍ ഇതിനോടകം തന്നെ ഏറെ പ്രശ്‌നങ്ങള്‍ ഉടലെടുത്ത് കഴിഞ്ഞു. ടീമിന്റെ പ്രകടനത്തില്‍ അസ്വസ്ഥനായ പരിശീലകന്‍ റോബി ഫൗളര്‍, പല തവണ ടീമിലെ ഇന്ത്യന്‍ താരങ്ങളുടെ നിലവാരമില്ലായ്മയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയന്റ് മാത്രമാണ് ഈസ്റ്റ് ബംഗാള്‍ ഇതുവരെ നേടിയത്.

You Might Also Like